കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ തെറ്റുചെയ്തെന്ന് പാർട്ടി കരുതുന്നില്ല. അതിനാൽ അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ല. നിയമലംഘനമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കമ്മീഷനിലെ നിയമനം ഒരു വർഷത്തേക്ക് മാത്രമാണ്. ഇതിൽ ലീഗിന്റെ ആരോപണങ്ങൾ രാഷ്ട്രീയപരമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. ഷാജി വർഗീയപരമായ നീക്കം നടത്തിയെന്നാണാലോ കോടതി കണ്ടെത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പുകളിൽ വർഗീയ നീക്കങ്ങൾ നടത്തുണ്ടെന്ന് കോടതി വിധിയിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ഉപയോഗിച്ച് ബിജെപി നടത്തിയ നീക്കങ്ങൾ കേരളത്തിൽ യാതൊരു ചലനവും സൃഷ്ടിക്കില്ല. ശക്തമായ മതനിരപേക്ഷതയുള്ള സ്ഥലമാണ് കേരളം. ഇത് തകർക്കാൻ സാധിക്കില്ല. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ് സിപിഎം പ്രവർത്തിക്കുന്നത്. സിപിഎം സീറ്റും വോട്ടും നോക്കി നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ലെന്നും കോടിയേരി പറഞ്ഞു.