കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നയതന്ത്ര ബാഗേജെന്ന വ്യാജേന സംസ്ഥാനത്ത് എത്തിച്ച പായ്ക്കറ്റിന്റെ ഭാരവും അതിന്റെ വിശദീകരണവും സംബന്ധിച്ച പൊരുത്തക്കേട് മന്ത്രി കെ.ടി.ജലീലിനു വിനയാകുന്നു.
വിമാനത്താവളത്തിൽ എത്തിച്ചെന്നു പറയുന്ന പാഴ്സലുകളുടെ ഭാരവും മന്ത്രി വിതരണം ചെയ്തെന്നു പറയുന്ന പറയുന്ന മതഗ്രന്ഥങ്ങളുടെ ഭാരവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നതാണ് മന്ത്രിയെ കുരുക്കുന്നത്.
വിമാനത്താവള ത്തിലെ എയർ വേ ബില്ലുകൾ അനുസരിച്ചു 4,479 കിലോ ഭാരമടങ്ങിയ 250 പായ്ക്കറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. ഒരു പായ്ക്കറ്റിൽ 576 ഗ്രാം വീതം ഭാരം വരുന്ന 31 മതഗ്രന്ഥങ്ങൾ വീതമാണുണ്ടായിരുന്നത്.
കണക്കുപ്രകാരം 250 പായ്ക്കറ്റുകളിൽ 7,750 മതഗ്രന്ഥങ്ങൾ കാണേണ്ടതാണ്. എന്നാൽ, ജലീലിന്റെ കീഴിലുള്ള സി- ആപ്റ്റിന്റെ രേഖകൾ പ്രകാരം 32 പായ്ക്കറ്റുകളാണു വിതരണം ചെയ്തത്.
7,750 മതഗ്രന്ഥങ്ങളിൽ 6,758 എണ്ണം എവിടെ വിതരണം നടത്തിയെന്ന എൻഫോഴ്സ്മെന്റിന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് മന്ത്രി കെ.ടി ജലീൽ.
കാണാതായത് മതഗ്രന്ഥം തന്നെയോ അതോ സ്വർണമോ മറ്റെന്തെങ്കിലുമോ ആണോയെന്ന ചോദ്യവും പ്രസക്തമാകുന്നത് ഇവിടെയാണ്. ഇതു വെളിപ്പെടുത്താൻ മന്ത്രി നിർബന്ധിതനാകും.
കണക്കുകളിലെ വ്യത്യാസത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് എൻഐഎയ്ക്ക് കൈമാറാനൊരുങ്ങുകയാണ്. കൂടാതെ ഈ വിവരങ്ങൾ കസ്റ്റംസിനും കൈമാറും.
ഇതോടെ ജലീലിനെ എൻഐഎ ചോദ്യം ചെയ്യാനുള്ള സാധ്യത കൂടി തെളിയുകയാണ്. മാത്രമല്ല എൻഫോഴ്സ്മെന്റ് വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നു സൂചനയുണ്ട്.
വിമാനത്താവളത്തിലെ എയർ വേ ബില്ലിലെ എണ്ണവും തൂക്കവും മന്ത്രി ജലീലിന്റെ കീഴിലുള്ള സി- ആപ്റ്റ് വഴി വിതരണം ചെയ്ത പാക്കറ്റുകളുടെ എണ്ണവും തമ്മിലുള്ള വലിയ അന്തരത്തിന്റെ കാരണം കേന്ദ്ര അന്വേഷണ ഏജൻസിക്കു മുന്നിൽ മന്ത്രി വ്യക്തമാക്കേണ്ടി വരും.
മത ഗ്രന്ഥങ്ങളുടെ പേരിൽ വന്ന പായ്ക്കറ്റുകളിലൊന്നു പൊട്ടിച്ചു ജലീൽ അന്വേഷണ സംഘത്തിനു നൽകിയിരുന്നു. ഇതിൽനിന്നുള്ള തൂക്കവും എണ്ണവും കണക്കാക്കിയതോടെയാണു ജലീൽ കൂടുതൽ കുരുക്കിലായത്.
സി- ആപ്റ്റ് വാഹനത്തിൽ മത ഗ്രന്ഥങ്ങൾ വിതരണം ചെയതതുമായി ബന്ധപ്പെട്ടു കസ്റ്റംസ് സി- ആപ്റ്റിലെ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു.
കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിച്ചു വിതരണം ചെയ്തതു ചട്ട ലംഘനമാണ്. നികുതിയിളവിനായി അനുമതി നൽകിയിട്ടില്ലെന്നു സംസ്ഥാന പ്രോട്ടോകോൾ ഓഫിസറും നേരത്തെ മൊഴി നൽകിയിരുന്നു.