കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരായി. ഇന്നു രാവിലെ ആറോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുന്നതിനായി മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്. സ്വകാര്യ വാഹനത്തിലാണ് ഇത്തവണയും മന്ത്രി എത്തിയത്.
നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജലീലിനെ ചോദ്യം ചെയ്തിരുന്നു. പോലീസ് എസ്കോര്‍ട്ടില്ലാതെ ഇന്നലെ രാത്രിയാണ് മന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടത്.
ഔദ്യോഗിക വാഹനത്തിലായിരുന്നു പുറപ്പെട്ടതെങ്കിലും ഇന്നു രാവിലെ എന്‍ഐഎ ഓഫീസിലെത്തിയത് സ്വകാര്യവാഹനത്തിലായിരുന്നു. മുന്‍ എംഎല്‍എ എ.എം. യൂസഫിന്റെ കാറാണ് യാത്രക്കായി ഉപയോഗിച്ചത്.
മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയില്‍നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നത്. ജലീലിനെ ആദ്യം ചോദ്യം ചെയ്ത എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റില്‍നിന്നും ഇന്നലെ എന്‍ഐഎ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു വിലയിരുത്തിയിരുന്നു.
ഇത് ഇന്നു മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയയായാണ് എന്നാണ് വ്യക്തമാകുന്നത്. ഇന്നലെ രാത്രി എന്‍ഫോഴ്സമെന്റ് അഭിഭാഷകന് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഓഫീസിലെത്തിയിരുന്നു.
എന്നാല്‍ ആരെയാണ് ചോദ്യം ചെയ്യുന്നതെന്ന വ്യക്തതയില്ലായിരുന്ന സന്ദർഭത്തിലാണ് ഇന്നു രാവിലെ മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയിരിക്കുന്നത്.
ചോദ്യങ്ങള്‍ മാര്‍ച്ച് നാലിന് എത്തിയ ബാഗിനെക്കുറിച്ച്
മന്ത്രി കെ.ടി. ജലീലില്‍ നിന്നും മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെപ്പറ്റിയാണ് പ്രധാനമായും എന്‍ഐഎ ചോദിച്ചറിയുന്നതെന്നാണ് സൂചന.
യുഎഇ കോണ്‍സുലേറ്റിലേക്ക് കോണ്‍സുല്‍ ജനറലിന്റെ പേരില്‍ മാര്‍ച്ച് നാലിനാണ് മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ നയതന്ത്ര ബാഗേജ് എത്തിയത്. ഇതുസംബന്ധിച്ചു പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്. 4478 കിലോഗ്രാം ഭാരമുണ്ടായിരുന്ന നയതന്ത്ര ബാഗേജില്‍ ഇതില്‍ 250 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.
ഇതില്‍ 32 പാക്കറ്റുകള്‍ മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദേശപ്രകാരം മലപ്പുറത്ത് എത്തിച്ചു. ഇതില്‍ മതഗ്രന്ഥങ്ങളായിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ മതഗ്രന്ഥത്തിന്റെ ഭാരം കഴിഞ്ഞ് മറ്റെന്താണ് ബാഗേജില്‍ ഉണ്ടായിരുന്നതെന്നാണ് പരിശോധിക്കുന്നത്.
കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള് എന്നിവയില്‍ നിന്നും 2000 ജിബി വിവരങ്ങള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും മന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരായുക.
എൻഐഎ ഓഫീസിൽ കനത്ത സുരക്ഷ
മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍ഐഎ ഓഫീസില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതതയുള്ളതിനാല്‍ പോലീസ് എന്‍ഐഎ ഓഫീസിന് സമീപത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു.
ഇതേതുടര്‍ന്നാണ് മന്ത്രി എത്തിയതിന് ശേഷം എന്‍ഐഎ ഓഫീസിന് സമീപം വന്‍ പോലീസ് സന്നാഹം തന്പടിച്ചിട്ടുള്ളത്.
വിടാതെ ഇഡിയും
സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ആദ്യം ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റിന് മതഗ്രന്ഥം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കളളക്കടത്ത് നടത്തി എന്നതിന്റെ തെളിവ് നിലവില്‍ ലഭിച്ചിട്ടില്ല.
എന്നാല്‍ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയെ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുമാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് എന്‍ഫോഴ്സമെന്റ് ചോദിച്ചത്.
എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും തന്റെ ഔദ്യോഗികമായ ഇടപടെല്‍ മാത്രമാണ് കോണ്സുലുമായും കേസില്‍ പ്രതിയായിട്ടുള്ള സ്വപ്നയുമായും നടത്തിയിട്ടുള്ളതെന്നായിരുന്നു ജലീലിന്റെ മൊഴി.
എന്‍ഫോഴ്സ്മെന്റ് തന്നെ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. എന്തായാലും എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.
ഇത്തവണ മുന്‍ എംഎല്‍എയുടെ വാഹനത്തിൽ
കളമശേരി: വിവാദങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ ഇത്തവണ ഉപയോഗിച്ചത് മുന്‍ എംഎല്‍എ എ.എം. യൂസഫിന്റെ വാഹനം. രാവിലെ കളമശേരി പത്തടിപ്പാലത്ത് വച്ചാണ് ഔദ്യോഗിക വാഹനം മാറ്റി എ.എം. യൂസഫിന്റെ വാഹനത്തിലേക്ക് മാറിക്കയറിയത്.
വാഹനം തന്റേതാണെന്ന് എ.എം. യൂസഫ് “രാഷ്ട്രദീപിക’യോട് പറഞ്ഞു. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് വിധേയനായപ്പോള്‍ അരൂരിലെ ഒരു വ്യവസായിയുടെ വാഹനം ഉപയോഗിച്ച് മന്ത്രി കൊച്ചിയിലെത്തിയത് വിവാദമായിരുന്നു.