കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ടെക്നിക്കൽ തസ്തികയില്‍ ബന്ധുനിയമനം നടന്നതായി യൂത്ത്ലീഗ്.
സിപിഎം നേതാവ് കോലിയൻകോട് കൃഷ്ണൻ നായരുടെ സഹോദര പുത്രനും സിപിഐ നേതാവ് ദാമോദരൻ നായരുടെ മകനുമായ ഡി.എസ്. നീലകണ്ഠനെ അനധികൃതമായി നിയമിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എം. രാഘവന്റെ നിർദേശ പ്രകാരം അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ കളക്ടറുമായ ശ്രീറാം സാംബശിവറാവു വഴിയാണ് നിയമനം നടത്തിയത്. ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി. ജലീൽ കോടിയേരിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നത്.
ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് ആദ്യം അപേക്ഷ ക്ഷണിച്ചത്. എന്നാൽ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിൽ നിന്ന് വിടുതൽ കാട്ടാഞ്ഞതിനാലും സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥൻ ഡെപ്യൂട്ടേഷന് അപേക്ഷിച്ചതിനാലും ആ പോസ്റ്റിൽ നീലകണ്ഠനെ നിയമിക്കാനായില്ല.
തുടർന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ടെക്ക് നിക്കൽ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് നീലകണ്ഠനെ നിയമിക്കുന്നത്. ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകിയാണ് നീലകണ്ഠനെ നിയമിച്ചത്. 100000 രൂപ ശമ്പളത്തിൽ അഞ്ചുവര്‍ഷത്തേക്കാണ് നീലകണ്ഠനെ നിയമിച്ചത്. പിന്നീട് നീലകണ്ഠന്റെ ശമ്പളത്തിൽ 10 ശതമാനം വർധനവ് നൽകി. അതേസമയം മറ്റു ജീവനക്കാർക്ക് രണ്ടു ശതമാനം വര്‍ധനവ് മാത്രമാണ് നല്‍കിയതെന്നും ഫിറോസ് ആരോപിച്ചു.