റെനീഷ് മാത്യു
കണ്ണൂർ: നയതന്ത്ര പാഴ്സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഐ ചോദ്യം ചെയ്തതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ ഉൾപ്പെടെയുള്ള ഘടകഘക്ഷികൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി സൂചന.
ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ജലീൽ ആശയ വിനിമയം നടത്തിയതായും പറയുന്നു. എന്നാൽ, ജലീലിന്റെ രാജി മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടാൻ സാധ്യതയില്ല.
ഇന്നലെ നടന്ന മന്ത്രി സഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെങ്കിലും ജലീൽ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സിപിഐ ഉൾപ്പെടെയുള്ള ഘടകഘക്ഷികൾ മുഖ്യമന്ത്രിയോടും എൽഡിഎഫ് കൺവീനറോടും ആവശ്യപ്പെട്ടതായാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജൻ ഉൾപ്പെടയുള്ള ചില മന്ത്രിമാർക്കും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നു. ജലീലിന്റെ മാത്രം രാജി ആവശ്യപ്പെട്ടാൽ അത് ചില മുസ്ലിംസംഘടനകളുടെ പ്രതിഷേധത്തിന് കാരണമാകും.
അതിനാൽ ജലീൽ സ്വയം രാജി വയ്ക്കണമെന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും ആവശ്യപ്പെട്ടതെന്നാണ് സൂചന. എൻഐഎ അന്വേഷണം കഴിയുന്നതുവരെ തത്കാലം മാറി നില്ക്കാനാണ് ജലീലിന് നല്കിയ നിർദേശം.
ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി ജലീലുമായി സംസാരിച്ചതായാണ് സൂചന. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും യുവജനസംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.
ജലീൽ രാജിവച്ചാൽ പ്രക്ഷോഭങ്ങൾക്കും തിരശീല വീഴും. മറ്റ് ആരോപണങ്ങൾ അത്ര ശക്തമല്ലെന്നുമാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.
ഇതാദ്യമായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.