തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിൽ സിപിഎമ്മിനുള്ളിലും മുന്നണിക്കുള്ളിലും അമർഷം പുകയുന്നു. മന്ത്രിയുടെ രാജിക്കാര്യത്തിൽ ഇടതുമുന്നണിക്കുള്ളിൽ തന്നെ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ 18ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഎം വിശദീകരിച്ചതിനുശേഷം മുന്നണിക്കുള്ളിൽ നിന്ന് കൂടുതൽ അഭിപ്രായ പ്രകടനങ്ങൾ പുറത്തുവന്നേക്കും.
എൻഫോഴ്സ്മെന്റിനു പിന്നാലെ കൂടുതൽ അന്വേഷണ ഏജൻസികൾ ജലീലിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ ജലീലിനു മേൽ രാജി സമ്മർദ്ദമേറിയിരിക്കുകയാണ്. കസ്റ്റംസും എൻഐഎയും ജലീലിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു സംസ്ഥാന മന്ത്രിയെ ചോദ്യം ചെയ്യുന്നത് കെ.ടി ജലീലിന്റെ രാജിക്കായി കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്ന് വ്യക്തമാണ്.
രാജി വയ്ക്കേണ്ടതില്ലെന്ന്
കോടതി കുറ്റക്കാരനെന്നു വിധിക്കുന്നതു വരെ ജലീൽ രാജി വെക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ട്.
ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനെ രാജി വയ്പ്പിച്ച നടപടി ജലീലിന്റെ കാര്യത്തിൽ എന്തുകൊണ്ടുണ്ടാവുന്നില്ലെന്ന് മുറുമുറുപ്പുകൾ ഉയർന്നു കഴിഞ്ഞു.
പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനോട് സ്വീകരിച്ച സമീപനം എന്തു കൊണ്ട് ജലീലിനോട് സ്വീകരിക്കുന്നില്ലെന്ന് സിപിഎം വിശദീകരിക്കേണ്ടി വരും. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് മന്ത്രി ജി.സുധാകരൻ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പ്രതികരിച്ചത്.
ഹാജരായ രീതിയിൽ സിപിഎമ്മിന് അതൃപ്തി
ചട്ടങ്ങൾ ലംഘിച്ച് കെ ടി ജലീൽ മതഗ്രന്ഥവും ഉപഹാരവും യുഎഇയിൽ നിന്ന് സ്വീകരിച്ചതിൽ നേരത്തെ തന്നെ സിപിഐ പാർട്ടിപത്രത്തിലൂടെ വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരായ രീതി വിവാദമായതിൽ സിപിഐ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ജലീലിന്റെ രാജി വൈകുന്നതിലുള്ള എതിർപ്പ് എൻസിപിയും ഇടതുമുന്നണിയോഗത്തിൽ അറിയിക്കുമെന്ന് സൂചനയുണ്ട്.
എന്ഫോഴ്സ്മെന്റ്ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനുശേഷം തലസ്ഥാനത്ത് എത്തിയ മന്ത്രി കെ.ടി.ജലീല് ഉടൻ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്കു ശേഷം രാജിക്കാര്യത്തിൽ തീരുമാനമുണ്ടാകുമോയെന്നാണ് കേരളം ഉറ്റു നോക്കുന്നത്.
അതേ സമയം കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്, വിദ്യാർഥി യുവജന സംഘടനകൾ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷഷേധം അരങ്ങേറിയിരുന്നു.