തിരുവനന്തപുരം: സ്വർണക്കള്ളടക്കത്ത് കേസിൽ മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ ഓഫീസുമെല്ലാം ആരോപണമുനയിൽ വന്നതു മുതൽ സംസ്ഥാന സർക്കാരിന്റെ ക്ലീൻ ചിറ്റ് ജനങ്ങൾ കീറിയതാണെന്നും മന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.
മുഖ്യമന്ത്രിക്ക് ജലീലിനെ തള്ളിപ്പറയാൻ ഭയമാണെന്നും അന്വേഷണം തനിക്കോ തന്റെ ഓഫീസിനോ നേരെ തിരിയുമോ എന്നതാണ് ആ ഭയത്തിനു കാരണമെന്നും എംഎൽഎ പറഞ്ഞു. ഇത്തരത്തിൽ ഒരു സംസ്ഥാന മന്ത്രി ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ധാർമികത അപ്പാടെ നഷ്ടമായെന്നും പറഞ്ഞ ഷാഫി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ സ്വപ്നയടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവർത്തിച്ച് ആരോപിച്ചു.