സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്ത്രി കെ.ടി.ജലീല്‍ വിവാദത്തില്‍ പഴി ഏറെ കേട്ട സിപിഎം നേതൃത്വം ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മന്ത്രി കെ.ടി.ജലീലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.
ആദ്യമായാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും മേലെ ‘ഒരു വിശദീകരണം’ തേടുന്നത്. നിലവിലെ സാഹചര്യത്തില്‍ തുടര്‍ ചോദ്യംചെയ്യലുണ്ടായാല്‍ ഇടതുമുന്നണി സര്‍ക്കാരിന് അധികം നാണക്കേടുണ്ടാക്കാതെ രാജിവയ്ക്കാനുള്ള സമ്മര്‍ദം മന്ത്രിക്കു മേല്‍ ഇതോടെ ശക്തമായി.
അടുത്ത സുഹൃത്തുക്കളോടുപോലും അധികം മനസു തുറക്കാത്ത മന്ത്രി ഇന്നലെ സ്വയം ന്യായീകരണത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക ു മുന്നില്‍ എത്തിയത്. ഇഡിയും എന്‍ഐഎയും ചോദ്യം ചെയ്തശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി അദ്ദേഹത്തില്‍നിന്നു വിശദീകരണം തേടിയത്.
സിപിഐയുടെ ശക്തമായ സമ്മര്‍ദം ഇക്കാര്യത്തിലുണ്ടായി. കാനം രാജേന്ദ്രന് സ്വീകരിച്ച ശക്തമായ നിലപാടും സിപിഐയെ തണുപ്പിക്കുക എന്നതുമാണ് മന്ത്രി ജലീലില്‍നിന്നും വിശദീകരണം തേടിയതിലൂടെ വ്യക്തമാകുന്നത്.
മന്ത്രിയുടെ രാജിക്കായുള്ള സമരം പ്രതിപക്ഷം ശക്തമായി തന്നെ തുടരുന്നതും അത് തെരഞ്ഞെടുപ്പ് വരെ നീണ്ടേക്കാമെന്നതും പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. മന്ത്രി ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞ എന്‍ഐഎ വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും മുന്നിലുണ്ട്.
സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ സ്വയം ഒഴിഞ്ഞുപോകാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നനിലപാടിലേക്കു സിപിഎമ്മും മുന്നണിയും മാറി കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിനു സിബിഐ എത്തിയതോടെ വെട്ടിലായ ഇടതു സര്‍ക്കാരിനു മന്ത്രി ജലീല്‍ വിഷയത്തിലും വിശദീകരണം നല്‍കുക ഏറെ ബുദ്ധിമുട്ടാകും.
പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കാത്ത രീതിയിലുള്ള പ്രശ്നപരിഹാരമാണ് കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ തേടുന്നത്.
സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി . അതുതന്നെയാണ് കോടിയേരിയോടും അദ്ദേഹം ഇന്നലെ പറഞ്ഞത്. നിലപാടു പരസ്യമാക്കുന്നില്ലെങ്കെിലും മന്ത്രിസഭയില്‍നിന്നു ജലീൽ സ്വയം മാറിനില്‍ക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് സിപിഎമ്മിലെ വലിയൊരു വിഭാഗവും.