മലപ്പുറം: പാണക്കാട് തങ്ങളോ പി.കെ.കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മന്ത്രി കെ.ടി.ജലീലിനെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തന്റെ ബന്ധു അദീബിന്റെ യോഗ്യതയിൽ സംശയമുള്ളവർക്കു ന്യൂനപക്ഷ വികസന കോർപറേഷൻ എംഡിയോടു ചോദിക്കാമെന്നും ജലീൽ എടപ്പാളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താനുന്നയിച്ച ആരോപണങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നു പറഞ്ഞാണു ഫിറോസ് ജലീലിനെ സംവാദത്തിനു വെല്ലുവിളിച്ചത്. ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും രാഷ്ട്രീയ പകപോക്കലുകളാണ് ഇത്തരം ആരോപണങ്ങൾക്കു പിന്നിലെന്നും കെ.ടി.ജലീൽ പറഞ്ഞു.