കോഴിക്കോട് : കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി അന്വേഷണത്തിനിടെ നേതാക്കള്‍ക്ക് മന്ത്രി കെ.ടി.ജലീലിന്റെ മുന്നറിയിപ്പ്.
യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
“കള്ളന് കഞ്ഞിവച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ഥ കള്ളന് ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്’ എന്നാണ് മന്ത്രിയുടെ വാക്കുകള്‍.
“കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരില്‍ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും.
ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്നം. പിരിച്ചതിന്റെയും കൊടുത്തതിന്റെയും വകമാറ്റിയതിന്റെയും മുക്കിയതിന്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ.
പിന്നാലെയുണ്ട് അന്വേഷണ ഏജന്‍സികള്‍. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകര്‍ന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക’ . മന്ത്രി വ്യക്തമാക്കി.
ഫണ്ട് തിരിമറി നടത്തി വഞ്ചിച്ചെന്ന് പരാതി നല്കിയ യൂസഫ് പടനിലത്തിന്റെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.
സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി പരാതി നൽകിയതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.
ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ ഉള്‍പ്പെടെ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കുന്നമംഗലം പോലീസ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സി.കെ.സുബൈറിനെതിരേയും പി.കെ.ഫിറോസിനെതിരേയും കേസെടുത്തത്.