കൊച്ചി:അനുമതിയില്ലാതെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ അടങ്ങിയ പാഴ്സലുകളെത്തിച്ച സംഭവത്തിൽ മന്ത്രി കെ.ടി. ജലീലിനു മുന്നിൽ പുതിയ കുരുക്കുകൾ.
മന്ത്രിയെ ചോദ്യം ചെയ്യാനായി എൻ െഎഎ വിളിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ജലീലിനെ ചോദ്യം ചെയ്യാതെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.എൻ െഎ എ ഇതുവരെ ഒരു കേസിലും മന്ത്രിപദവിയിൽ ഇരിക്കുന്നയാളെ ചോദ്യം ചെയ്തിട്ടില്ല.
അനുമതിയില്ലാതെ
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്ന സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മറുപടിയും മന്ത്രി ജലീലിനു തിരിച്ചടിയാകുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണസംഘത്തിനു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്കിയ മറുപടിയിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജിന് അനുമതി നല്‍കിയിട്ടില്ലെന്നും യുഎഇ കോണ്‍സുലേറ്റ് അനുമതി തേടിയിട്ടില്ലെന്നും മറുപടി നല്‍കിയിരിക്കുന്നത്. കേസ് അന്വേഷണം നടത്തുന്ന എന്‍ഐഎയ്ക്കും ഇതു സംബന്ധിച്ച കത്ത് കൈമാറിയിട്ടുണ്ട്.
പാഴ്സൽ കുരുക്ക്
മതപഠന ഗ്രന്ഥങ്ങള്‍ എത്തിയതു നയതന്ത്ര ബാഗേജ് വഴിയാണെന്നായിരുന്നു ജലീലിന്റെ വാദം. എന്നാല്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ റിപ്പോര്‍ട്ട് മന്ത്രിയെക്കൂടി പ്രതിസന്ധിയിലാക്കുന്നതാണ്.
യുഎഇ കോണ്‍സുലേറ്റുമായി പല കാര്യങ്ങള്‍ക്കും ജലീല്‍ ബന്ധപ്പെട്ടതു പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നയതന്ത്ര പാഴ്സലുകൾ അനുമതിയില്ലാതെ എങ്ങനെ കസ്റ്റംസ് ക്ലിയർ ചെയ്തു എന്നതാണ് പ്രസക്തമാകുന്ന ചോദ്യം.
ഒന്നുകിൽ അനുമതി എന്ന നിലയിൽ സ്വപ്നയും സംഘവും വ്യാജരേഖകൾ സമർപ്പിച്ചിട്ടുണ്ടാകണം അല്ലെങ്കിൽ ഉന്നത സ്വാധീനത്താൽ ക്ലിയറൻസ് ലഭിച്ചതാവണം. ഇതിൽ ഏതാണ് സംഭവിച്ചതെന്നു വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.
ഇതിനിടയിലാണ് മന്ത്രിയുടെ നിർദേശ പ്രകാരം എത്തിയ നയതന്ത്രപാഴ്സലുകളും വിവാദത്തിലാകുന്നത്. ഇവയും അനുമതിയില്ലാതെയാണോ കൊണ്ടുവന്നതെന്ന കാര്യം വ്യക്തമാക്കേണ്ടി വരും.
അടിമുടി ദുരൂഹത
മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ചു നിരവധി തവണ ഇദ്ദേഹം യുഎഇ കോണ്‍സുലേറ്റില്‍ സ്വകാര്യ സന്ദര്‍ശനങ്ങൾ നടത്തിയെന്നും കേന്ദ്രത്തിനു നൽകിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍നിന്നും രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകള്‍ ജലീലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിച്ചു വിതരണം ചെയ്തതിനെ മന്ത്രി ജലീൽ നേരത്തെ ന്യായീകരിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ മതഗ്രന്ഥങ്ങൾ കോൺസുലേറ്റ് വഴി വിതരണം ചെയ്യുന്നതു രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണ്.
വിദേശനാണയ വിനിമയ നിയമപ്രകാരം സംഘടനയുടെയോ വ്യക്തികളുടെയോ പേരിൽ പണമോ പാഴ്സലോ എത്തിക്കുന്നതിനു കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.
മതഗ്രന്ഥങ്ങൾ സർക്കാർ വാഹനത്തിലാണ് ഇടപ്പാൾ, മലപ്പുറം, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് എത്തിച്ചത്. സർക്കാർ വാഹനത്തിൽ പുറത്തുനിന്നു വിളിച്ച ഡ്രൈവറാണ് ഇൗ വാഹനം ഒാടിച്ചിരുന്നത്. മതഗ്രന്ഥമെന്ന പേരിൽ എത്തിയ പാഴ്സലിൽ മറ്റെന്തോ ഉണ്ടെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളും സംഘം കൃത്യമായി വിലയിരുത്തുന്നുണ്ട്.