തിരുവനന്തപുരം: എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തു വൻ പ്രതിഷേധം.
പല സ്ഥലങ്ങളിലും പ്രതിപക്ഷ സംഘടനകളിൽപ്പെട്ട സമരക്കാർ പോലീസുമായി ഏറ്റുമുട്ടി. ഇതിനിടെ, ജലീലിനു പൂർണപിന്തുണയുമായി സിപിഎം രംഗത്തെത്തി.
ജലീലിന്റെ രാജി ആവശ്യം പാർട്ടി തള്ളി. ജലീലിനെതിരേയുള്ള നീക്കത്തെ രാഷ്ട്രീയപ്രേരിതമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശേഷിപ്പിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പാർട്ടി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ നടത്തിവന്ന അന്വേഷണം ശരിയായ ദിശയിലാണു നടക്കുന്നതെന്ന് മുന്പു പല തവണ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ആദ്യമായാണ് അന്വേഷണത്തിനെതിരേ പാർട്ടി വിമർശനം ഉന്നയിക്കുന്നത്. മാത്രമല്ല, ഇക്കാര്യത്തിൽ യുഡിഎഫ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നു എന്നും കുറ്റപ്പെടുത്തി.
ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാലാണ് ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്നു തുടക്കം മുതൽ പറഞ്ഞു വന്നത്. ദേശീയതലത്തിൽ നിരവധി കോണ്ഗ്രസ് നേതാക്കളെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടി, അന്നു കേന്ദ്ര ഏജൻസിയെ ബിജെപി രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നു എന്നു കോണ്ഗ്രസ് ദേശീയ നേതൃത്വം കുറ്റപ്പെടുത്തിയ കാര്യവും പാർട്ടി ഓർമിപ്പിക്കുന്നു. നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എം.എം. മണിയും ജലീലിനു പിന്തുണയുമായി രംഗത്തു വന്നു. എൻഫോഴ്സ്മെന്റ് ജലീലിനോടു വിവരങ്ങൾ ചോദിച്ചറിഞ്ഞതു വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.
ഇതേസമയം ജലീൽ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് സംശയത്തിന്റെ വിരൽ ചൂണ്ടുകയാണു പ്രതിപക്ഷം. പിണറായിക്കു ജലീലിനെ ഭയമാണോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
ജലീലിന്റെ ഇടപാടുകളിൽ മുഖ്യമന്ത്രിക്കു പങ്കുള്ളതുകൊണ്ടാണ് ജലീലിനെ സംരക്ഷിച്ചു നിർത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നലെ രാവിലെതന്നെ ഒട്ടു മിക്ക ജില്ലാ കേന്ദ്രങ്ങളിലും യുവജന സംഘടനകളുൾപ്പെടെ സമരം തുടങ്ങിയിരുന്നു.
കനത്ത മഴയിലും വൈകുന്നേരം വരെ പല പ്രദേശങ്ങളിലും പ്രതിഷേധവും സംഘർഷവും നീണ്ടുനിന്നു. പല സ്ഥലത്തും പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡും ടിയർഗ്യാസും പ്രയോഗിക്കുകയും ചെയ്തു.
യൂത്ത് കോണ്ഗ്രസ്, കെഎസ്യു, മഹിളാ കോണ്ഗ്രസ്, യുവമോർച്ച, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.