മുംബൈ: മുംബൈ സ്ഫോടനക്കേസടക്കം അന്‍പതോളം സ്ഫോടനക്കേസുകളിലെ പ്രതി പരോളിലിറങ്ങി മുങ്ങി. ഡോക്ടർ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അൻസാരിയാണ് (68) മുങ്ങിയത്. പരോൾ ദിവസങ്ങളിൽ എല്ലാ ദിവസവും 10.30നും 12നും ഇടയിൽ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടിയിരുന്നു.
എന്നാൽ, പരോൾ അവസാനിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസമായ ഇന്നലെ ജലീസ് ഒപ്പിടാനെത്തിയില്ല. ഉച്ച കഴിഞ്ഞതോടെ ജലീസിനെ കാണാനില്ലെന്ന പരാതിയുമായി മകൻ പോലീസ് സ്റ്റേഷനിൽ എത്തി. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഉൗർജിതമാക്കി. സൗത്ത് മുംബൈ മോമിൻപുര സ്വദേശിയാണ് ജലീസ്. മഹാരാഷ്ട്ര പോലിസും മഹാരാഷ്ട്ര എടിഎസും ഇയാൾക്കായി വലവിരിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീർ സെൻട്രൽ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിലാണ് ജലീസ് പുറത്തിറങ്ങിയത്. ഡിസംബർ 28നാണ് ഇയാൾ പുറത്തിറങ്ങിയത്. ഇന്നാണ് തിരിച്ച് എത്തേണ്ടിയിരുന്നത്.
പുലർച്ചെ നിസ്കരിക്കാനായി പള്ളിയിൽ പോയ അൻസാരി തിരിച്ചെത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ബോംബ് നിർമിക്കുന്നതിൽ വിദഗ്ധനായ അൻസാരി സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2008ലെ മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ 2011ൽ ഇയാളെ ചോദ്യം ചെയ്തിരുന്നു.