ചങ്ങരംകുളം: മന്ത്രി കെ.ടി. ജലീലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തി പോസ്റ്ററുകളിട്ടെന്ന പരാതിയില്‍ ലീഗിന്റെ സൈബര്‍ പോരാളി അറസ്റ്റില്‍.
യുഎഇയില്‍നിന്ന് നാട്ടിലിറങ്ങിയ യാസര്‍ എടപ്പാളിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്.
മന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ യാസര്‍ എടപ്പാള്‍ എന്ന സൈബര്‍ പോരാളിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന മന്ത്രിയുടെ പരാതിയിൽ മലപ്പുറം എസ്.പിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ യാസറിനെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ഹരിഹരസൂനു, സിപിഒ പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച യാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പുലര്‍ച്ചെ ഒരുമണിയോടെ തന്നെ ബന്ധുക്കളെത്തി യാസറിനെ ജാമ്യത്തിലെടുക്കുകയായിരുന്നു.
പേടിയില്ലെന്നും ജലീലിനെ ഇനി നിയമസഭ കാണിക്കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് ജനാധിപത്യപരമായ പ്രവര്‍ത്തനത്തിനാണ് നാട്ടിലിറങ്ങിയതെന്നും യാസര്‍ എടപ്പാള്‍ പ്രതികരിച്ചു.
ദുബായിൽ ജോലി ചെയ്തിരുന്ന എടപ്പാൾ സ്വദേശിയായ യാസർ അറാഫത്തിനെ,സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.