കാട്ടാക്കട: വീട്ടുമുറ്റത്തെ ഉദ്യാനം ലൊക്കേഷനാക്കി. വീട്ടമ്മ നായികയായി. ലോക് ഡൗൺ കാലത്ത് പിറന്നത് മണ്ണിന്റെ മണമുള്ള, പെണ്ണിന്റെ ഉള്ളം തെളിയുന്ന ഒരു ഹ്രസ്വചിത്രം..’ പറയുവാനാകാതെ.’ എഴുത്തുകാരി ജസീന്ത മോറിസാണ് ലോക് ഡൗണിനെ തുടർന്ന് പേയാട് ചെറുപാറയിലുള്ള വീട്ടിലിരുന്ന് ഹ്രസ്വചിത്രം ഒരുക്കിയത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയൊക്കെ ജസീന്ത തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമ ചിത്രീകരിച്ച തന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വച്ച് ‘പറയുവാനാകാതെ ‘ യൂടൂബിൽ റിലീസ് ചെയ്തു. മിനിട്ടുകൾക്കകം ഹ്രസ്വചിത്രം കണ്ടത് ആയിരങ്ങൾ. ഇതോടെ സിനിമ സൂപ്പർഹിറ്റായി.
പ്രകൃതിയും ഒരു വീട്ടമ്മയും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധമാണ് 15 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഉള്ളടക്കം. പെൺ മനസിന്റെ ആഗ്രഹങ്ങളും പ്രതീക്ഷയും അൽപ്പം സങ്കടങ്ങളും സിനിമ പറഞ്ഞുവയ്ക്കുന്നു.
ജസീന്ത ചിത്രത്തിൽ നായികയായപ്പോൾ ഉദ്യാനത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവും ജാമ്പയും മാവും പേരയും, പൂത്തു നിൽക്കുന്ന ചെടികളുമൊക്കെ സഹതാരങ്ങളായി. ലോക് ഡൗൺ കാലം വിരസമാകരുതെന്ന തിരിച്ചറിവാണ് ഈ എഴുത്തുകാരിയെ സർഗാത്മകമായ സൃഷ്ടിയിലേക്ക് നയിച്ചത്.
നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വളപ്പിൽ രാധാകൃഷ്ണൻ ചിത്രം റിലീസ് ചെയ്തു. പഞ്ചായത്തംഗം പേയാട് കാർത്തികേയൻ, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി തിരുമല ജയകുമാർ, സാഹിത്യകാരൻ മഹേഷ് മിത്ര എന്നിവർ സന്നിഹിതരായി.
ലോക്ക്ഡൗണിന് ശേഷം വിപുലമായ ചടങ്ങ് സംഘടിപ്പിച്ച് ഹ്രസ്വചിത്രത്തിന്റെ റിലീസിംഗ് നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി.
റിലീസിംഗിന് ചെല വഴിക്കേണ്ടി വരുന്ന പണം പത്തനാപുരം ഗാന്ധിഭവനും റെഡ്ക്രോസിനും വീതിച്ചു നൽകി. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യ സാധന കിറ്റുകളും നൽകിയാണ് ജസീന്ത തന്റെ സിനിമയുടെ റിലീസിംഗ് ആഘോഷമാക്കിയത്.