മാന്നാർ: മാലിന്യമുക്തമാക്കി വീണ്ടെടുത്ത കുട്ടംപേരൂർ ആറ്റിൽ നടന്ന പ്രഥമ ജലോത്സവം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കുട്ടംപേരൂർ ആറിന്റെ ഇരുകരകളിലുമായി നൂറ് കണക്കിന് വള്ളംകളി പ്രേമികളുടെ ആവേശതിമർപ്പിൽ ഉയർന്ന ആരവങ്ങളിൽ അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻനായരുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ട്രോഫി വെള്ളംകുളങ്ങര ചുണ്ടൻ കരസ്ഥമാക്കി.
ശ്രീഗണേശനാണ് രണ്ടാം സ്ഥാനം. ഏറെ ആവേശം നിറഞ്ഞ വെപ്പു വള്ളങ്ങളുടെ മത്സരത്തിൽ പുന്നത്രപുരയ്ക്കൽ ഒന്നാമതും മൂന്ന് തൈക്കൽ രണ്ടാമതും എത്തി. ചെറു വള്ളങ്ങളുടെ വിവിധ മത്സരങ്ങളിൽ അഞ്ഞൂറാൻ, സെന്റ് മേരീസ്, മെറിൻ, ഫാത്തിമാതാ, ചെല്ലിക്കാടൻ, കന്പിനി, കാട്ടിൽ തെക്കേതിൽ, സാരഥി എന്നീ വള്ളങ്ങൾ ട്രോഫി നേടി. ജലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ഏ.സി മൊയ്തീൻ നിർവഹിച്ചു.
സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായിരുന്നു. പി.വിശ്വംഭര പണിക്കർ, ഇ.എൻ.നാരായണൻ, പ്രമോദ് കണ്ണാടിശേരിൽ, ജോസഫ്കുട്ടി കടവിൽ എന്നിവർ പ്രസംഗിച്ചു. മാന്നാർ, ബുധനൂർ, ചെന്നിത്തല എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനകീയ കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. പ്രഥമ മത്സരത്തിന് വൻ ജനകീയ പിന്തുണ ലഭിച്ചതിന്റെ അടയാളമായിരുന്നു മറ്റെങ്ങും കാണാൻ കഴിയാത്ത തരത്തിലുള്ള ജനപങ്കാളിത്തം.