ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയിൽ പുതിയ സ്റ്റാർട്ടിംഗ് സന്പ്രദായം നടപ്പാക്കാൻ തയാറാണെന്ന് കേരള റോവിംഗ് ആൻഡ് പാഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന സ്റ്റാർട്ടിംഗ് സന്പ്രദായത്തിന്റെ മാതൃകയും പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ അവതരിപ്പിച്ചു.
1995 മുതൽ ജലമേളയിൽ നടപ്പാക്കിയിരുന്ന സ്റ്റാർട്ടിംഗ് സന്പ്രദായത്തിലെ പിഴവിന് കാരണം പരിചയ സന്പന്നരായ ജലോത്സവ നടത്തിപ്പുകാരുടെ അപര്യാപ്തതയാണ്. പഴയ സ്റ്റാർട്ടിംഗ് സന്പ്രദായത്തിൽ പോരായ്മയുണ്ടെന്നു പറഞ്ഞ് 2017ലും 2018ലും നടപ്പാക്കിയ ഇലക്ട്രോണിക് സ്റ്റാർട്ടിംഗ് സന്പ്രദായം പരാജയപ്പെടുകയാണുണ്ടായത്.
95 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റാർട്ടിംഗ് സന്പ്രദായം പരിഷ്കരിച്ച് പരിചയ സന്പന്നരായ ജലോത്സവ നടത്തിപ്പുകാരുടെ സഹകരണത്തോടെ നടപ്പാക്കാൻ കഴിയുന്നതരത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സ്റ്റാർട്ടിംഗിനായി വള്ളങ്ങൾ അണിനിരക്കുന്ന പ്രദേശം മൂന്നായി തിരിച്ച് ചുണ്ടനുകൾക്ക് സുഗമമായി സ്റ്റാർട്ടിംഗ് നടത്താൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധാനത്തിൻറെ മാതൃക അവതരിപ്പിച്ച് അസോസിയേഷൻ പ്രസിഡന്റ് സി.ടി. തോമസ് വൈസ് പ്രസിഡന്റ് ടി.പി. രാജു പള്ളാത്തുരുത്തി, ട്രഷറർ ജോസഫ് ഇളംകുളം, മോനിച്ചൻ പുത്തൻപറന്പിൽ, മാത്യുജോണ് പാലത്ര എന്നിവർ വ്യക്തമാക്കി.