കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചാവിഷയമായ ജമാ അത്തെ ഇസ് ലാമി പിന്തുണ വിഷയത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി. മുജീബ്റഹ്മാന്റെ വെളിപ്പെടുത്തലുകള്‍. ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സൈബര്‍ പോരാളികള്‍ ഏറ്റുപിടിക്കുമ്പോള്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണു പറയുന്നതെന്നും അതിനു തെളിവുണ്ടെന്നുമാണ് പി. മുജീബ്റഹ്മാന്‍ തുറന്നടിച്ചിരിക്കുന്നത്.
പിന്തുണ സംബന്ധിച്ചുള്ള തെളിവുകളും രേഖകളുമുണ്ടെന്നു മുജീബ്റഹ്മാന്‍ തുറന്നടിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്നും സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുന്നതിന് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ പിന്തുണച്ചിട്ടുണ്ടാകാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാദത്തിനുള്ള മറുപടിയില്‍, വ്യക്തികളെയും മുന്നണികളെയും ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിട്ടുണ്ടെന്നാണ് മുജീബ്റഹ്മാന്‍ വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിലും ആര്‍ക്കും ജമാ അത്തെ ഇസ് ലാമി പിന്തുണ പതിച്ചു നല്‍കിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളിലെ ചര്‍ച്ചകളിലും ധാരണകളിലും പലപ്പോഴായി സിപിഎമ്മിനുവേണ്ടി പങ്കെടുത്തയാളാണ് പിണറായി വിജയന്.
പിന്തുണയെക്കുറിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതിന് തെളിവുകളുണ്ട് സഭാരേഖകളും തെളിവാണ്- മുജീബ്റഹ്മാന്‍ പറയുന്നു. 1996, 2004 ലോക്സഭ തെരഞ്ഞെടുപ്പ് 2006 നിയമസഭാ തെരഞ്ഞെടുപ്പ്, 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ്, 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് എന്നിവയിലെല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്.
രാഷ്ട്രീയ കാരണങ്ങളാല്‍ 2019ല്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. 2024ല്‍ സിപിഎമ്മിലെ മൂന്ന് പേർ ജമാ അത്തെ ഇസ് ലാമിയുടെ കൂടി വോട്ടുവാങ്ങി എംപിമാരായവരാണ്. ജമാഅത്തെ ഇസ് ലാമി ഭീകര പ്രസ്ഥാനമാകുന്നത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണോയെന്നു മുഖ്യമന്ത്രി വിശദീകരിക്കണം. മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് എം. തോമസിനുള്ള പിന്തുണ ജമാഅത്തെ ഇസ് ലാമി അമീര്‍ ടി. ആരിഫലി പ്രഖ്യാപിച്ചത് പൊതുസമ്മേളനം വിളിച്ചാണ്.
അന്നൊന്നും ഭീകരതയെക്കുറിച്ച് പറഞ്ഞില്ലെന്നും പി. മുജീബ്റഹ്മാന്‍ ആരോപിക്കുന്നു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് കേരള അമീര്‍ ഒടുവില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ആര്‍എസ്എസും ജമാ അത്തെ ഇസ് ലാമിയും ഒരേതൂവല്‍ പക്ഷികളാണെന്നാണ് സമീപകാലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചത്. കമ്യൂണിസ്റ്റുകാരെ തോല്പിക്കാനുള്ള വ്യഗ്രതയില്‍ എസ്ഡിപിഐയുമായും ജമാ അത്തെ ഇസ് ലാമിയുമായും ഏത് വര്‍ഗീയ ഭീകര സംഘടനയുമായും ലീഗ് കൂട്ടുചേരുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരേ ശക്തമായ പ്രതിഷേധം മുസ്ലീം ലീഗ് ഉയര്‍ത്തിയിരുന്നു.