നാദാപുരം: എടച്ചേരി വേങ്ങോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.എടച്ചേരി വേങ്ങോളി സ്വദേശി ഹമീദ് ആയാടത്തില്‍ എന്നയാള്‍ക്കെതിരെയാണ് എടച്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.2001 സപ്തംബര്‍ എട്ടിനാണ് ഹമീദിന്റെ ഭാര്യ ജമീലയെ പ്രതി തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്.
നിസ്ക്കാരത്തിനിടെ ജമീലയെ മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും മരണം ഉറപ്പുവരുത്താനായി വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ നാളിതുവരെയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മംഗലാപുരം,കാസര്‍ഗോഡ് ഭാഗങ്ങളില്‍ കണ്ടെന്ന വിവരങ്ങളെ തുടര്‍ന്ന് ബന്ധുക്കളും പോലീസും ഇവിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടായില്ലെന്ന് ജമീലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ജമീലയുടെ ഘാതകനെ കണ്ടെത്താന്‍ 2001 മുതല്‍ മാറി മാറി വന്ന മുഖ്യമന്ത്രിമാര്‍ക്കും ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.2006 ല്‍ അന്നത്തെ വടകര സിഐ ആയിരുന്ന പി.പി.സദാനന്ദന് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചിരുന്നു.
2011 ല്‍ കേസ് ക്രൈം ഡിറ്റാച്ച്മെന്റ് ഏറ്റെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ തൊട്ടില്പാലത്തിനിടുത്ത് ബന്ധുവിന്റെ വിവാഹ വീട്ടില്‍ പ്രതി എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് മകന് പറയുന്നു. പ്രതിയുടെ ബന്ധുക്കളുടെ സ്വാധീനമാണ് കേസന്വേഷണം എങ്ങുമെത്താതായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.