ബൈജു ബാപ്പുട്ടി
കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ കോഴിക്കോടുനിന്നു സിപിഎമ്മിലെ കാനത്തിൽ ജമീല മാത്രമെന്നു സൂചന.
പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യമുറപ്പിച്ചു രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിലവിൽ ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരും ഉണ്ടാകില്ല.
സിപിഎമ്മിലെ ടി.പി.രാമകൃഷ്ണനും എൻസിപിയുടെ എ.കെ. ശശീന്ദ്രനുമാണ് ഇപ്പോൾ ജില്ലയെ പ്രതിനിധീകരിച്ചു മന്ത്രിസഭയിലുള്ളത്.
സിപിഐയുടെ ഇ.കെ. വിജയൻ, കുന്നമംഗലത്തുനിന്നു വിജയിച്ച പി.ടി.എ.റഹീം, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമദ് റിയാസ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും കാനത്തിൽ ജമീലയ്ക്കു മാത്രമാകും നറുക്ക്.
കാനത്തിൽ ജമീലയെ പരിഗണിക്കുക വഴി രണ്ടു കാര്യങ്ങളാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നത്.
ചരിത്രത്തിലാധ്യമായി ഒരു മുസ്ലിം വനിതയെ മന്ത്രിക്കസേരയിലെത്തിക്കുക, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തു എന്നിവയാണവ.
പാർലമെന്ററി രംഗത്തു മുസ്ലിം സ്ത്രീകളുടെ പങ്ക് സംബന്ധിച്ച തെരഞ്ഞെടുപ്പ് വേളയിലും ചർച്ചയായിരുന്നു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മുസ്ലിം ലീഗ് ഒരു വനിതയെ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയതായിരുന്നു കാരണം.
കോഴിക്കോട് സൗത്തിൽ മത്സരിച്ച അഡ്വ.നൂർബിന റഷീദ് പരാജയപ്പെട്ടെങ്കിലും അവരുടെ സ്ഥാനാർഥിത്വം ചർച്ചയായിരുന്നു.
കൊയിലാണ്ടി മണ്ഡലത്തിൽനിന്നാണ് കാനത്തിൽ ജമീല വിജയിച്ചത്. കോൺഗ്രസിനുവേണ്ടി ബിജെപി വോട്ട് മറിച്ചുവെന്ന് ഇടതുമുന്നണി ആരോപിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊയിലാണ്ടി.
മതയാഥാസ്ഥിതികരുടെയും ബിജെപി വോട്ട് മറിക്കലിനെയും അതിജീവിച്ച് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കാനത്തിൽ ജമീലയുടെ വിജയം.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ഇതു രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.