ദുബായി: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില് ഒന്നാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ട് സ്റ്റാർ പേസര് ജെയിംസ് ആന്ഡേഴ്സൺ. ഓസ്ട്രേലിയന് നായകന് പാറ്റ് കമിന്സിനെ മറികടന്നാണ് ആൻഡേഴ്സൺ ഒന്നാമത് എത്തിയത്.
20 വര്ഷം നീണ്ട കരിയറില് ഇത് ആറാം തവണയാണ് ആന്ഡേഴ്സണ് ഒന്നാം റാങ്കിംഗിലെത്തുന്നത്. ന്യൂസിലന്ഡിനെതിരായ ആദ്യ ടെസ്റ്റിലെ മിന്നുന്ന പ്രകടനമാണ് 40കാരനായ താരത്തിന് തുണയായത്. മത്സരത്തിൽ ഇംഗ്ലണ്ട് പേസർ ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
അഞ്ച് വര്ഷം ഒന്നാം സ്ഥാനത്തിരുന്ന കമിന്സ് മുന്നാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് പട്ടികയിൽ രണ്ടാമത്. ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും തകർപ്പൻ പ്രകടനം നടത്തിയ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാമത് എത്തി.