അങ്ങനെ ആ സത്യം ലോകമറിഞ്ഞു. ജെയിംസ് ബോണ്ടിന്റെ യഥാര്‍ഥ വീട് എവിടെയാണെന്നുള്ള സത്യം, അതും ജെയിംസ് ബോണ്ട് എന്ന കഥാപാത്രം ജനിച്ച് 70 വർഷങ്ങൾക്കു ശേഷം.
ജെയിംസ് ബോണ്ട് സിനിമകളിലൂടെ ലോകമറിഞ്ഞ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വലിയൊരു രഹസ്യമാണ് ഇതോടെ പുറത്തായത്. കഥയിൽ വീടിനെക്കുറിച്ചു പല പരാമർശങ്ങൾ ഉണ്ടെങ്കിലും സ്ഥലം എവിടെയാണെന്ന് ഒരിക്കൽപോലും വെളിപ്പെടുത്തിയിരുന്നില്ല.
കഥാകൃത്തിന്റെ മനസിലുള്ള കെട്ടിടം ഏതാണെന്നതിനെക്കുറിച്ചു വർഷങ്ങളായി അന്വേഷണങ്ങൾ നടന്നു. പലരും കിണഞ്ഞു പരിശ്രമിച്ചിട്ടും കഥാകൃത്ത് അതു പരസ്യപ്പെടുത്തിയിരുന്നില്ല. അതേസമയം, ആ വസതി എവിടാണെന്നതു സംബന്ധിച്ചു ചില സൂചനകൾ അദ്ദേഹം വരികൾക്കിടയിൽ ഒളിപ്പിച്ചിരുന്നു.
അതാണ് ഇപ്പോൾ ഒരു എഴുത്തുകാരൻ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. വെസ്റ്റ് ലണ്ടനിലെ ചെല്‍സിയിലെ 25 വെല്ലിംഗ്ടണ്‍ സ്ക്വയറിലാണ് ജെയിംസ് ബോണ്ടിന്റെ ഭവനം സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തൽ.
കഥയിങ്ങനെ
എഴുത്തുകാരനായ വില്യം ബോയ്ഡ് ഏറെ നാളായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ സ്ഥലം കണ്ടെത്തിയത്. എന്നാല്‍, ജെയിംസ് ബോണ്ട് സിനിമകളല്ല വില്യം ബോയ്ഡ് തന്റെ അന്വേഷണങ്ങള്‍ക്ക് ആധാരമാക്കിയത്.
പകരം ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവായ ഇയാന്‍ ഫ്ളമിംഗിന്റെ നോവലുകളിലാണ് വില്യം ബോയ്ഡ് ഗവേഷണം നടത്തിയത്. സിനിമകള്‍ക്കു മുന്നേ ജെയിംസ് ബോണ്ട് എന്ന കഥാപാത്രം ഇയാന്‍ ഫ്ളമിങ്ങിന്റെ നോവലുകളിലാണ് ജനിച്ചത്.
പിന്നീടാണ് അവ സിനിമകളായത്. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി ഇയാന്‍ ഫ്ളമിംഗ് എഴുതിയ നോവലുകളിലെ സന്ദര്‍ഭങ്ങളും സ്ഥലങ്ങളും കഥാപാത്രങ്ങളും യാഥാര്‍ഥ്യത്തോട് അടുക്കുന്നതായിരുന്നു.
ഒളിച്ചിരുന്ന വീട്!
എല്ലാത്തിലും ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ വീടും പരാമര്‍ശവിധേയമായിരുന്നു. കേവലം എഴുത്തുകാരന്റെ സങ്കല്‍പ്പത്തിനപ്പുറം ആ വീട് സംബന്ധിച്ച എഴുത്തില്‍ ചില സത്യങ്ങള്‍ അന്നേ വില്യം ബോയ്ഡ് മണത്തറിഞ്ഞിരുന്നു.
അങ്ങനെയാണ് നോവലുകളിലെ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ വീട് എഴുത്തുകാരന് സൃഷ്ടിച്ചതാണോ അതോ താന്‍ പരിചരിച്ച വീട് എഴുത്തുകാരന് ജെയിംസ് ബോണ്ടിനുവേണ്ടി പകര്‍ത്തിയതാണോ എന്ന അന്വേഷണം വില്യം ബോയ്ഡ് നടത്തിയത്.
അതിനായി വില്യം ബോയ്ഡ് ഇയാന്‍ ഫ്ളമിംഗിന്റെ രചനകളെ മുന്‍നിര്‍ത്തി ഗവേഷണം നടത്താന്‍ തീരുമാനിച്ചു. മൂണ്‍റാക്കര്‍, ഫ്രം റഷ്യ വിത്ത് ലൗ, തണ്ടര്‍ബോള്‍ തുടങ്ങിയ നോവലുകളാണ് വില്യം ബോയ്ഡ് പഠനവിധേയമാക്കിയത്. ഒടുവിൽ ജെയിംസ് ബോണ്ടിന്റെ വീട് ഒരു യാഥാര്‍ഥ്യമാണെന്ന് അദ്ദേഹം കണ്ടെത്തി.
സ്ഥലം തേടി?
എന്നാല്‍, ഏതു സ്ഥലത്താണ് എന്നതായി പിന്നീടുയർന്ന ചോദ്യം. തണ്ടര്‍ബോള്‍ എന്ന നോവലില്‍ രഹസ്യ ഏജന്റായ ജെയിംസ് ബോണ്ടിനെ കുറിച്ചുള്ള ഒരു പരാമര്‍ശമാണ് ജെയിംസ് ബോണ്ടിന്റെ യഥാര്‍ഥ ഭവനം എവിടെയാണെന്നു വില്യം ബോയ്ഡിനു സൂചനയായത്.
ആ പരാമര്‍ശം ഇങ്ങനെയായിരുന്നു – “ജെയിംസ് ബോണ്ട് കിംഗ്സ് റോഡിലേക്കു നീങ്ങുകയും അവിടെനിന്നു നേരെ സ്ലോണ്‍ സ്ട്രീറ്റിലേക്കും പിന്നീട് പാര്‍ക്കിലേക്കും കടന്നു”. ഈ സ്ഥലവിവരണമാണ് വില്യം ബോയ്ഡിനു ജെയിംസ് ബോണ്ടിന്റെ വീട്ടിലേക്കുള്ള വഴി എളുപ്പമാക്കിയത്.
വെല്ലിംഗ്ടണ്‍ സ്ക്വയറിലെ നമ്പര്‍ 25 എന്നത് ദി സണ്‍ഡേ ടൈംസിന്റെ പ്രധാന പുസ്തക അവലോകകനായിരുന്ന ഡെസ്മണ്ട് മക്കാര്‍ത്തിയുടെ വീട്ടുനമ്പറായിരുന്നു. അതേസമയത്ത് തന്നെയാണ് ഇയാന്‍ ഫ്ളമിംഗ് ദി സണ്‍ഡേ ടൈംസിന്റെ ഫോറിന് മാനേജരായി ജോലി ചെയ്തിരുന്നത്.
മക്കാര്‍ത്തിയും ഭാര്യയും തങ്ങളുടെ വീട്ടില്‍ നിരന്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിലൊക്കെ ഇയാന്‍ ഫ്ളമിംഗും പങ്കെടുക്കുമായിരുന്നു. ആ വീടിന്റെ പ്രത്യേകതകള്‍ പിന്നീട് വില്യം ബോയ്ഡിന് ഇയാന്‍ ഫ്ളമിംഗിന്റെ ഫ്രം റഷ്യ വിത്ത് ലൗ എന്ന നോവലില്‍ വായിച്ചറിയാന്‍ സാധിച്ചു.
അങ്ങനെയാണ് ഇയാന്‍ ഫ്ളമിങ്ങിന്റെ നോവലുകളിലെ ജെയിംസ് ബോണ്ട് എന്ന കഥാപാത്രം താമസിച്ച വീടിനെക്കുറിച്ച് വില്യം ബോയ്ഡ് മനസിലാക്കിയത്. കഴിഞ്ഞ മേയ് മാസം വരെ മക്കാര്‍ത്തിയും കുടുംബവും ആയിരുന്നു 25 വെല്ലിംഗ്ടണ്‍ സ്ക്വയറില്‍ താമസിച്ചത്. ഇപ്പോള്‍ ബോസ്റ്റണ്‍ കണ്സല്ട്ടിംഗ് ഗ്രൂപ്പിന്റെ എംഡി ഫ്രാങ്ക് കോര്‍ഡ്സ് ആ വീട് വാങ്ങിയിരിക്കുകയാണ്.
അങ്ങനെ സസുഖം ഫ്രാങ്ക് കോര്‍ഡ്സും കുടുംബവും അവിടെ വാഴുമ്പോഴാണ് ജെയിംസ് ബോണ്ടിന്റെ വീടാണ് ഇതെന്ന കണ്ടെത്തല്‍ എഴുത്തുകാരനായ വില്യം ബോയ്ഡ് പ്രഖ്യാപിക്കുന്നത്. അതോടെ ഫ്രാങ്ക് കോര്‍ഡ്സ് ഇരട്ടി സന്തോഷത്തിലായി. കാരണം ജെയിംസ് ബോണ്ടിന്റെ കടുത്ത ആരാധകനാണ് അയാള്‍.