2018ലെ മഹാ പ്രളയത്തിൽ നാട് മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ അന്നും എംഎൽഎ ജയിംസ് മാത്യു നാടിന് മാതൃകയായി. ആദ്യ പ്രളയ സമയത്തായിരുന്നു മകൾ സാന്ത്വനയുടെ വിവാഹവും. കേരളമാകെ പ്രളയത്തിൽ മുങ്ങുമ്പോൾ ഒരു ആർഭാട കല്യാണം നടത്താൻ എംഎൽഎയ്ക്കും കുടുംബത്തിനും മനസുവന്നില്ല. തന്റെ മകളുടെ കല്യാണത്തിനായി കരുതിവെച്ച പണം അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയുരുന്നു.
പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ എംഎൽഎയുടെ വീട് മറ്റൊരു കല്യാണത്തിന് തയാറെടുക്കുകയായിരുന്നു. 2019ആഗസ്റ്റിൽ മകന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കേ പേമാരിയിൽ വീണ്ടും കേരളം മുങ്ങിതാണു. വീണ്ടും ആർഭാടങ്ങൾ ഒഴിവാക്കി മകന്റെ വിവാഹ ചെലവിലേക്ക് നീക്കിവച്ച അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജയിംസ് മാത്യു എംഎൽഎയും കുടുംബവും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഭാര്യയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എൻ.സുകന്യ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മാതാപിതാക്കളായ ടി.രാധാമണി, ടി.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ലളിതമായ ചടങ്ങോടെ 24ന് കണ്ണൂർ നായനാർ അക്കാദമിയിലാണ് മകൻ സന്ദീപിന്റെ വിവാഹം.
ആലപ്പുഴ മാന്നാറിലെ തോണ്ടലിൽ തെക്കേതിൽ മോനി ജോസഫ്-ഷീബ ദന്പതികളുടെ മകൾ നിഷയാണ് വധു. കഴിഞ്ഞ പ്രളയകാലത്തായിരുന്നു മകൾ സാന്ത്വനയുടെ വിവാഹം. വിവാഹത്തിനായി കരുതിവച്ച അഞ്ചു ലക്ഷം രൂപ അന്നും ദുരിതാശ്വാസനിധിയിലേക്ക് നൽകുകയായിരുന്നു.