കോതമംഗലം : ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ സമാന ദുരിതപർവം താണ്ടിയ മറ്റൊരു മലയാളി സലേഷ്യൻ വൈദികനാണ് ഫാ. ജയിംസ് പുളിക്കൽ. ആഫ്രിക്കയിലെ സുഡാനിൽ 1985ൽ മിഷനറിയായി എത്തിയ ഫാ. ജയിംസിനെ തീവ്രവാദികൾ തട്ടിയെടുത്തു തടവിൽ പാർപ്പിച്ചത് 18 മാസത്തോളം.
കൊടും കാടുകളിലൂടെ തീർത്തും ദുഃസഹമായ സാഹചര്യങ്ങളിലാണ് അവർ അദ്ദേഹത്തെ പാർപ്പിച്ചത്. ദൈവത്തിലും പ്രാർഥനയിലും വിശ്വാസമർപ്പിച്ച് 18 മാസത്തെ തടവിനൊടുവിൽ വത്തിക്കാൻ ഇടപെട്ടാണ് ഫാ. ജയിംസിനെ മോചിപ്പിച്ചത്. ഭീകരരുടെ തടവിൽനിന്നു മോചിതനായ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സുഡാനിലെത്തുകയായിരുന്നു. അന്ന് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ നേതാവ് ജോൺ ഗരാംങ് പിന്നീട് അവിടത്തെ പ്രസിഡന്റായി.
ഫാ. ജയിംസിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയ ഗരാംങ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറുകയും ചെയ്തു. സുഡാനിലെ കൊടുംകാടുകളിലൂടെ 1500 കിലോമീറ്റർ നടത്തി എത്യോപ്യൻ അതിർത്തിയിലെത്തിച്ചാണ് റിബലുകൾ ഫാ. ജയിംസിനെ മോചിപ്പിച്ചത്. 35 വർഷമായി സുഡാനിലെ ദരിദ്ര്യരുടെ ഇടയിൽ മിഷനറി പ്രവർത്തനം നടത്തിവരികയാണു ഫാ. ജയിംസ്.