കൽപ്പറ്റ:വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത കൃഷി ഭൂമി തിരികെ ആവശ്യപ്പെട്ടു കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബാംഗം കെ.കെ. ജെയിംസ് കോവിഡ് കാലത്തും വയനാട് കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം തുടരുന്നു.
ലോക്ക്ഡൗണ്മൂലമുള്ള പരിമിതികൾക്കിടയിലും ജയിംസിന്റെ സമരവീര്യം ജ്വലിക്കുകയാണ്. 2015 ഓഗസ്റ്റ് 15നു ആരംഭിച്ച സത്യഗ്രഹം ഇന്നലെ 1708 ദിവസം പിന്നിട്ടു. നീതി നടപ്പിലാകുന്നതുവരെ സമരം തുടരുമെന്നു ജയിംസ് പറഞ്ഞു.
കാഞ്ഞിരങ്ങാട് വില്ലേജിൽ അവകാശപ്പെട്ട 12 ഏക്കർ കൃഷിഭൂമി തിരികെ തരികയോ അല്ലെങ്കിൽ ഭൂമിയുടെ കന്പോളവില ലഭ്യമാക്കുകയോ ചെയ്യണമെന്ന നിലപാടിലാണ് ജയിംസ് ഉൾപ്പെടെ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല ഏപ്രിൽ ആറിനു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
2020 ഫെബ്രുവരി 10നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളിൽ ജയിംസ്, തോമസ് എന്നിവരെ നേരിൽക്കേട്ടതിനുശേഷമാണ് കളക്ടർ റിപ്പോർട്ട് തയാറാക്കിയത്.
കാഞ്ഞിരത്തിനാൽ ജോസ്, പരേതനായ ജോർജ് എന്നിവർക്കു ജ·ാവകാശവും കൈവശവും ഉണ്ടായിരുന്ന 12 ഏക്കർ ഭൂമി സംബന്ധിച്ച 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയും ഭൂമി നിക്ഷിപ്തമാക്കി വനം വകുപ്പ് 2013ൽ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്തു ഭൂമി തിരികെ തരണമെന്നാണ് നേരിൽകേട്ടപ്പോൾ ജയിംസും തോമസും ആവശ്യപ്പട്ടതെന്നു കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഭൂമി അല്ലെങ്കിൽ കന്പോളവിലയാണ് കാഞ്ഞിരത്തിനാൽ കുടുംബം ചോദിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. കാഞ്ഞിരങ്ങാട് വില്ലേജിലേതിനു പകരം ഭൂമി എന്ന ആശയത്തോടു കാഞ്ഞിരത്തിനാൽ കുടുംബത്തിനു യോജിപ്പില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ഉന്നതതലയോഗത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു തുല്യ അളവിൽ പകരം ഭൂമി നൽകാമെന്ന അഭിപ്രായമാണ് ഉയർന്നത്.
മുഖ്യമന്ത്രിക്കു പുറമേ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു, സി.കെ. ശശീന്ദ്രൻ എംഎൽഎ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, വനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്, ലോ സെക്രട്ടറി അരവിന്ദ ബാബു, അഡീഷണൽ പിസിസിഎഫ്(സോഷ്യൽ ഫോറസ്റ്റ്സ്) ഇ. പ്രജീഷ്കുമാർ, വയനാട് ഡപ്യൂട്ടി കളക്ടർ(എൽഎ) കെ. അജീഷ്, നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, നോർത്തേണ് സർക്കിൾ(കണ്ണൂർ) സിസിഎഫ് കെ. കാർത്തികേയൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
2013ലെ വിജ്ഞാപനം റദ്ദാക്കി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി വിഷയം പുനഃപരിശോധിക്കാൻ കഴിയുമോ എന്നു യോഗത്തിൽ മുഖ്യമന്ത്രി ആരാഞ്ഞപ്പോൾ നിക്ഷിപ്തമാക്കിയതായതിനാൽ റദ്ദാക്കാൻ കഴിയില്ലെന്നാണ് വനം അധികൃതർ അറിയിച്ചത്. പകരം ഭൂമി കണ്ടെത്തി നൽകുന്നതാണ് ഉചിതമെന്നു വനം മന്ത്രി അഭിപ്രായപ്പെടുകയുമുണ്ടായി.
കാഞ്ഞിരത്തിനാൽ കുടുംബം തിരികെ ആവശ്യപ്പെടുന്ന ഭൂമിയുടെ മൂന്നു വശങ്ങളിൽ റവന്യൂ ഭൂമിയും ഒരു വശത്തു പുഴയുമാണെന്നു യോഗത്തിൽ റവന്യൂ സെക്രട്ടറി വിശദീകരിച്ചു.
വനഭൂമിയായി നിക്ഷിപ്തമാക്കിയ സ്ഥലം ദീർഘകാലം കഴിഞ്ഞു റദ്ദു ചെയ്യുന്നതു പ്രയാസകരവും അപ്രായോഗികവുമാണെന്നും കാഞ്ഞിരത്തിനാൽ കുടുംബത്തിനു തുല്യ അളവിൽ പകരം ഭൂമി കണ്ടെത്തി നൽകുന്നതാണ് പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി പ്രശ്നം മാനുഷികമുഖം കൂടി നൽകി പരിഗണിക്കേണ്ടതുണ്ടെന്നും കുടുംബം അംഗീകരിക്കുന്നപക്ഷം തുല്യ അളവിൽ ഭൂമി കണ്ടെത്തി നൽകാവുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇതേത്തുടർന്നു പകരം ഭൂമി വിഷയത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അഭിപ്രായം തേടി റിപ്പോർട്ട് സമർപ്പിക്കുന്നതിനു ജില്ലാ കളക്ടറെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിക്കുകയായിരുന്നു.
വിജ്ഞാപനം റദ്ദുചെയ്യാൻ കഴിയില്ലെന്ന വനം വകുപ്പിന്റെ വാദം ബാലിശമാണെന്ന നിലപാടിലാണ് കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ. വനം വകുപ്പ് നിയമവിരുദ്ധമായാണ് ഭൂമി പിടിച്ചെടുത്തത്.
ഇക്കാര്യം സർക്കാർ ചുമതലപ്പെടുത്തിയതനുസരിച്ചു ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായതാണ്. എന്നിരിക്കെ തെറ്റു സമ്മതിക്കാനും പിശകു തിരുത്താനുമാണ് വനം വകുപ്പ് തയാറാകേണ്ടത്.
അതിനു പകരം വിജ്ഞാപനം റദ്ദുചെയ്യാൻ കഴിയില്ലെന്ന വാദം ഉന്നയികുന്നത് ഭൂമി പിടിച്ചെടുക്കുന്നതിനു ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനാണെന്നു ജയിംസ് പറഞ്ഞു.
വിജ്ഞാപനം റദ്ദു ചെയ്യുന്നതു അപ്രായോഗികമാണെന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാട് നിയമത്തിനും നീതിക്കും വിരുദ്ധമാണെന്നു ജയിംസ് പറയുന്നു.
1971 മെയ് പത്തിനാണ് കേരളത്തിൽ വന നിയമം പ്രാബല്യത്തിലായത്. ഇതിനു മുന്പുള്ള ഒരു ഭൂമിയും വനത്തിന്റെ പരിധിയിൽപ്പെടുകയില്ലെന്നു 2018 സെപ്റ്റബർ 25ലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമിക്കേസിൽഭൂമിക്കേസിൽ(എംഎഫ്എ 137/ 1989) വനം വകുപ്പിന്റെ അപ്പീൽ തള്ളിയാണ് സൂപ്രീം കോടതി ചരിത്രപ്രധാനമായ വിധി പ്രഖ്യാപിച്ചതെന്നും ജയിംസ് ചൂണ്ടിക്കാട്ടി.