ന്യൂഡൽഹി: ഡൽഹി ജാമിയ മിലിയ സർവകലാശാല ഗെയ്റ്റിന് സമീപം വെടിവയ്പ്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവർക്ക് നേരേ നാലു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവയ്പുണ്ടാകുന്നത്. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ജാമിയ മിലിയ സർവകലാശാലയുടെ അഞ്ചാം നന്പർ ഗെയ്റ്റിന് സമീപമാണ് വെടിവയ്പുണ്ടായത്. അക്രമികൾ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അക്രമികളിൽ ഒരാൾ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകി. സ്കൂട്ടറിലാണ് ഇവർ എത്തിയത്. സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വെടിവയ്പിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്പ് ജാമിയ വിദ്യാർഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനിൽക്കെ നടത്തിയ വെടിവയ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം ഷഹീൻബാഗിലും വെടിവയ്പ്പുണ്ടായിരുന്നു. ഇയാളെ കോടതി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാൾ പറഞ്ഞു.
ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ് ഉണ്ടായത്. പ്രതി ആകാശത്തേക്ക് വെടിവയ്ക്കുകയാണ് ചെയ്തതെന്നും ആർക്കും പരിക്കില്ലെന്നും പോലീസ് വ്യക്താമാക്കിയിരുന്നു. ഇയാളുടെ തോക്കും പോലീസ് പിടിച്ചെടുത്തിരുന്നു.