ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർഥികളുടെ ലോംഗ് മാർച്ചിനു നേരെ വെടിയുതിർത്തത് ഉത്തർപ്രദേശിൽനിന്നുള്ള പ്ലസ് വൺ വിദ്യാർഥി. പതിനേഴുകാരനായ അക്രമി സ്കൂളിൽ പോകുകയാണെന്ന് വീട്ടിൽ പറഞ്ഞാണ് ഡൽഹിയിലെത്തിയത്.
പൗരത്വ നിയമ പ്രതിഷേധക്കാരെ ആക്രമിക്കാൻ ഏതാനും ദിവസം മുമ്പ് നാടൻ തോക്ക് സംഘടിപ്പിച്ചിരുന്നു. സുഹൃത്താണ് തോക്ക് നൽകിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഇതുമായാണ് യുപിയിലെ ജവാറിൽനിന്ന് ഡൽഹിയിലേക്ക് ബസിൽ എത്തിയത്. ഇയാൾ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദൾ പ്രവർത്തകനാണ്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ആയുധം കൈവശംവച്ചതിനും കൗമാരക്കാരനെതിരെ കേസെടുത്തു.