ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ റിയാസിയില്‍ ഭീകരരുടെ ആക്രമണത്തെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് മലയിടുക്കില്‍ വീണ് ഒമ്പത് തീര്‍ഥാടകര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു.
ജമ്മുവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ശിവഖോരി ഗുഹാക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടകരുടെ ബസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ നിറയൊഴിച്ചത്.
ആക്രമണത്തെത്തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് റിയാസി എസ്പി മോഹിത് ശര്‍മ അറിയിച്ചു.
താഴ്ചയിലേക്ക് വീണ ബസ് പൂർണമായും തകർന്നു. തീർഥാടകരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, പരുക്കേറ്റവർ ചികിൽസയിലാണ്.
സമീപജില്ലകളായ രജൗരിയെയും പൂഞ്ചിനെയും അപേക്ഷിച്ച് റിയാസിയിൽ ഭീകരരുടെ സാന്നിധ്യം കുറവായിരുന്നു.