പുകയിലയ്ക്കെതിരായ പരസ്യവാചകങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് കാഷ്മീരിന്റെ ഇപ്പോഴത്തെ സ്ഥിതി. ചിലയിടത്ത് ചിലയിടത്ത് വെടി, ചിലയിടത്ത് പുക, മറ്റു ചിലയിടത്ത് നുഴഞ്ഞുകയറ്റം മൊത്തത്തില്‍ കലാപകലുഷിതമായിരുന്നു കാഷ്മീരിന്റെ അന്തരീക്ഷം. എന്നാല്‍ ഒരൊറ്റ ആഴ്ചകൊണ്ട് സംഗതി ആകെമാറി. ഇപ്പോള്‍ വെടിയുമില്ല പുകയുമില്ല. വിഘടനവാദികളെല്ലാം മരിച്ചുപോയോ എന്നുവരെ തോന്നിപ്പോകും.
സ്വാതന്ത്യവാദികളെന്നു സ്വയം അവരോധിച്ച് ഇന്ത്യന്‍ സൈന്യത്തിനെതിരേ യുദ്ധം ചെയ്തിരുന്ന കാഷ്മീര്‍ യുവത്വത്തിന്റെ സാമ്പത്തിക സ്രോതസ് പൊടുന്നൊനെ നിലച്ചതാണ് കാഷ്മീരിലെ ശാന്തതയ്ക്കു കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത് തീമഴയായിയാണ് വിഘടനവാദികള്‍ക്കുമേല്‍ പെയ്തിറങ്ങിയത്. തൊഴില്‍രഹിതരും വിദ്യാഭ്യാസരഹിതരുമായ കാഷ്മീര്‍ യുവത്വത്തെ വിദ്ധ്വംസക പ്രവര്‍ത്തനങ്ങളിലേക്കു നയിക്കുമ്പോള്‍ അവര്‍ക്ക് പ്രതിഫലമായി നല്കിയുന്നത് ഇത്തരത്തില്‍ ലഭിക്കുന്ന പണമായിരുന്നു.
ചെയ്യുന്ന പ്രവൃത്തിയുടെ പ്രാധാന്യമനുസരിച്ചായിരുന്നു കൂലി. പട്ടാളക്കാര്‍ക്കെതിരേ കല്ലെറിയുന്നതിന് 100 മുതല്‍ 500 രൂപ വരെയാണ് ദിവസക്കൂലി. പട്ടാളക്കാരുടെ ആയുധം മോഷ്ടിക്കുന്നതിനും കൂലി 500 രൂപയാണ്. പട്ടാളക്കാരുടെ ഗ്രനേഡ് അടിച്ചുമാറ്റിയാല്‍ അവന്റെ കാര്യം കുശാലായി. അടിച്ചുമാറ്റുന്ന ഓരോ ഗ്രനേഡിനും 1000 രൂപ വച്ചാണ് പോക്കറ്റില്‍ വീഴുന്നത്. ഇങ്ങനെ കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പോകുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ വക ഉഗ്രന്‍ പണികിട്ടുന്നത്. കഞ്ഞിയില്‍ പാറ്റ വീണെന്നു പറഞ്ഞാല്‍ മതിയല്ലോ.
നോട്ട് നിരോധനം വിഘടനവാദത്തിന് നേതൃത്വം നല്കുന്നവര്ക്കും തിരിച്ചടിയായെന്നാണ് സൂചനകള്‍. കള്ളപ്പണമാണ് കാഷ്മീരിന്റെ വിഘടനവാദപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. ഗ്യാസ് സിലിണ്ടറുകള്‍ പോലും പണം കടത്താന്‍ ഉപയോഗിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ഒരു സൂചനപോലും നല്‍കാതെ പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിച്ചതോടെ അനേകം വിഘടന തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അന്വേഷണ ഏജന്‍സികളുടെ അഭിപ്രായത്തില്നോട്ടു നിരോധനം തകര്‍ത്തത് വിഘടനവാദികളുടെ നട്ടെല്ലാണ്. അപ്പാടെ തകര്‍ന്നു പോയ ഹവാലാ ശൃംഗല പുനസ്ഥാപിക്കാന്‍ കുറഞ്ഞത് നാലഞ്ചു മാസമെങ്കിലും പിടിക്കും.