ശ്രീനഗർ: ജമ്മു കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടർന്നു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജമ്മുവിൽ സ്ഥിതി സമാധാനപരമായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
അധികൃതരുടെ നിർദേശപ്രകാരം ജമ്മു കാഷ്മീരിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ശ്രീനഗർ ജില്ലയിൽ വൻ നിയന്ത്രണങ്ങളുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു. എന്നാൽ ടെലിഫോൺ, ഇന്റർനെറ്റ്, കേബിൾ ടിവി സർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ താഴ്വാരയിലെ വാർത്തകൾ ഒന്നും പുറത്തുവരുന്നില്ല.
കിഷ്ത്വാർ, രജൗരി ജില്ലകളിലും രാംബാൻ ജില്ലയിലെ ബനിഹാൽ പ്രദേശത്തും അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ജമ്മുവിലെയും ശ്രീനഗറിലെയും പല ജില്ലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.