ശ്രീനഗർ: ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ നിശ്ചലമാണെങ്കിലും ബിൽ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കാഷ്മീർ നിവാസികൾ. പ്രത്യേക അധികാരം ന ൽകുന്ന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കാഷ്മീരിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ സൈന്യം റദ്ദാക്കിയിരുന്നു. കഴിഞ്ഞ 47 ദിവസമായി ടെലിഫോൺ, ഇന്റർനെറ്റ് സർവീസുകൾ താഴ്വരയിൽ പ്രവർത്തിക്കുന്നില്ല.
എന്നാൽ ഈ സമയത്തെ നിരക്കും ടെലികോം കമ്പനികൾ ഈടാക്കുന്നതായാണ് ആരോപണം. എയർടെൽ കഴിഞ്ഞ മാസത്തെ ബിൽ തുകയായി 779 അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി സഫാകദൽ സ്വദേശി ഒബയ്ദ് നബി പറയുന്നു. ഓഗസ്റ്റ് അഞ്ച് മുതൽ കാഷ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. എന്തിനാണ് അവർ ഈ നിരക്ക് ഈടാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നബി പറയുന്നു.
ബിഎസ്എൻഎലും ഈ കാലയളിവിലെ നിരക്ക് ഈടാക്കുന്നതായി പറയുന്നു. മുഹമ്മദ് ഉമർ എന്ന ബിഎസ്എൻഎൽ വരിക്കാരന് മാസ വാടക 380 രൂപയാണ്. എന്നാൽ ഇത്തവണ തനിക്ക് ലഭിച്ചത് 470 രൂപയുടെ ബിൽ ആണെന്നാണ് ഉമറിന്റെ പരാതി. ഇത്തരത്തിൽ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ വരിക്കാർക്ക് കൃത്യമായി ബിൽ അയച്ചു നൽകിയിട്ടുണ്ട്.
എന്നാൽ 2014 ലെ പ്രളയത്തിന്റെ സമയത്തും 2016 ലും ഇന്റർനെറ്റ് മൊബൈൽ സർവീസുകൾ റദ്ദാക്കിയ കാലയളവിലെ നിരക്കുകൾ ഉപേക്ഷിച്ചതുപോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് വരിക്കാർ കരുതുന്നത്. ഇക്കാര്യത്തിൽ ടെലികോം കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല.