ന്യൂഡൽഹി: ജമ്മു-കാഷ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഇന്ത്യസഖ്യത്തിന്റെ മുഖ്യമന്ത്രിയാകും. ബിജെപി ഹാട്രിക് ജയം നേടിയ ഹരിയാനയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മുഖ്യമന്ത്രി തുടരും.
ജമ്മു-കാഷ്മീരിൽ 90 സീറ്റിൽ ഇന്ത്യസഖ്യം 48 സീറ്റ് നേടിയപ്പോൾ, ഹരിയാനയിൽ ബിജെപി 90ൽ 48 സീറ്റ് നേടി അധികാരമുറപ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ നാലരലക്ഷം വോട്ടിന് തോറ്റതിനു പിന്നാലെ ജമ്മു-കാഷ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ മത്സരിക്കില്ലെന്ന് ഒമർ ശപഥമെടുത്തിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിജ്ഞ മറന്ന് ഒമർ രണ്ടു മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. രണ്ടിലും ജയിക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ച് 12നാണ് സൈനി ഹരിയാനയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകപ്രക്ഷോഭത്തെത്തുടർന്നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നായിരുന്നു ഇത്. ഒബിസി നേതാവായ സൈനിയെ ഉയർത്തിക്കാട്ടിയാണ് പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.