ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിവാഹനിശ്ചയശേഷം വീട്ടിൽനിന്നു പട്ടാളക്യാമ്പിൽ മടങ്ങിയെത്തിയ സൈനികൻ. നായിക് മുകേഷ് സിംഗ് മൻഹാസ് (29) ആണ് ഭീകരാക്രമണത്തിൽ മരിച്ചത്.
വിവാഹനിശ്ചയത്തിനുശേഷം ഏപ്രിൽ 20ന് അദ്ദേഹത്തിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിലാണു മുകേഷ് സിംഗ് കൊല്ലപ്പെട്ടത്.
അഖ്നൂരിലെ ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിനു സമീപം പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെയായിരുന്നു ഭീകരാക്രമണം. ജാർഖണ്ഡിൽനിന്നുള്ള ക്യാപ്റ്റൻ കരംജിത് സിംഗ് ബക്ഷിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒമ്പത് വർഷത്തിലേറെയായി ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മുകേഷ് സിംഗ്, വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്കുശേഷം ജനുവരി 28നാണു തന്റെ യൂണിറ്റിലേക്കു മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനും ആർമിയിലാണ്. രണ്ടു സഹോദരിമാരുണ്ട്.