സ്വന്തം ലേഖകന്‍
കോഴിക്കോട് : യുവാവ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ രണ്ടു വര്‍ഷത്തിന് ശേഷം ദുരൂഹത നീക്കി ക്രൈംബ്രാഞ്ച്. കോഴിക്കോട് ഫറോക്ക് സ്വദേശി ജംഷീദ് മരിക്കാന്‍ കാരണം പ്രണയ നൈരാശ്യമാണെന്നും മറ്റു ദുരൂഹതകളൊന്നുമില്ലെന്നുമാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
2019 ഓഗസ്റ്റ് 29 ന് രാത്രിയിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ നിഗമനം. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന കണ്ടെത്തലില്‍ പിന്നീട് കേസ് അവസാനിപ്പിച്ചു. ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന യുവതികളെ കുറിച്ച് ബന്ധുക്കള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു.
ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും അവര്‍ പരിശോധിച്ചില്ല. പിന്നീട് ജംഷീദിന്റെ മാതാവ് ഡിജിപിക്ക് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ഡിജിപിക്ക് നല്കിയ പരാതിയിലും അന്വേഷണം നടത്തിയെങ്കിലും മരണകാരണം പ്രണയനൈരാശ്യമാണെന്നാണ് കണ്ടെത്തിയത്.
ജംഷീദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉള്ള്യേരി, കൊയിലാണ്ടി ഭാഗത്തുള്ള രണ്ടു യുവതികള്‍ക്ക് പങ്കുള്ളതായാണ് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നത്. ഇവരുടെ ഫോണ്‍ കോളുകളും പരിശോധിച്ചിരുന്നു. യുവാവ് മരിച്ചതിന് ഒരു വര്‍ഷം മുമ്പും അതിനു ശേഷവമുള്ള കോള്‍ ഡീറ്റൈയില്‍ റെക്കോഡ് ആണ് പരിശോധിച്ചത്.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും മരണത്തിലേക്ക് നയിക്കാവുന്ന കാരണം വ്യക്തമായില്ല. യുവതികളിലൊരാളുമായി ജംഷീദിന് പ്രണയമുണ്ടായിരുന്നതായാണ് സംശയിക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതിയുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു ജംഷീദ് കരുതിയത്.
അവസാനനിമിഷം യുവതി ജംഷീദിനൊപ്പം ഇറങ്ങിവരാന്‍ തയാറായില്ലെന്നും ഇതോടെ ജംഷീദ് മാനസിക വിഷമത്തിലായെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ജംഷീദ് ആത്മഹത്യ ചെയ്തതെന്നുമാണ് അന്വേഷണസംഘം പറയുന്നത്.