തൊടുപുഴ: കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശവുമായി യുവാവിന്റെ ഒറ്റയാൾ നടത്തം.
ഓരോ ദിവസവും കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് മലപ്പുറം ചാലിശേരി സ്വദേശിയായ മുഹമ്മദ് ജംഷീർ (23) കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടക്കുന്നത്.
കഴിഞ്ഞ മാസം 13ന് കാസർകോട് പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്ര ഇന്നലെ തൊടുപുഴയിലെത്തി. ഇന്നലെ രാത്രി ഇടുക്കി പിന്നിട്ട് അടുത്ത ജില്ലയായ കോട്ടയത്തേക്ക് കടന്നു.
കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ നടപടികളുണ്ടാകുന്നുണ്ടെങ്കിലും ഓരോ ദിവസവും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ മനം മടുത്താണ് ജംഷീർ ഇത്തരമൊരു യാത്രയ്ക്ക് തയാറെടുത്തത്.
ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്യുകയായിരുന്ന ജംഷീറിന് കോവിഡ് കാലത്ത് ജോലി നഷ്ടമായി.
പിന്നീടാണ് മാതാപിതാക്കളോടും സഹോദരങ്ങളോടും അനുവാദം വാങ്ങി ഒരു ബാഗിൽ അത്യാവശ്യ സാധനങ്ങൾ മാത്രം കരുതി കുട്ടികൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക എന്ന സന്ദേശവുമായി യാത്ര ആരംഭിച്ചത്.
അടുത്ത സുഹൃത്തുക്കൾ നൽകിയ ചെറിയ തുക മാത്രമാണ് കരുതലായി കൈവശമുള്ളത്. അന്തിയുറക്കം പലപ്പോഴും പെട്രോൾ പന്പുകളിലോ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ആണ്.
ജംഷീറിന്റെ യാത്രയുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കുന്ന പലരും തങ്ങാൻ സ്ഥലം നൽകാറുണ്ട്. അത്യാവശ്യ ഘട്ടത്തിൽ മാത്രം പണം നൽകി മുറിയെടുക്കും.
കാസർകോട് നിന്നാരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ കഴിഞ്ഞാണ് ഇടുക്കിയിലെത്തിയത്.
ഇതിനിടെ യാത്രയ്ക്ക് പിന്തുണ നൽകാൻ ചില രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു വന്നെങ്കിലും ജംഷീർ സ്നേഹത്തോടെ നിരസിച്ചു.
യാത്രക്കിടയിൽ ചിലർ സ്നേഹത്തോടെ നൽകുന്ന തുക സ്വരൂപിച്ച് അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സഹായം നൽകാനാണ് പദ്ധതി.
ഇതിനാണ് പലപ്പോഴും പണം ചെലവഴിക്കാതെ വഴിയോരത്തും മറ്റും അന്തിയുറങ്ങുന്നത്. ജംഷീറിന്റെ ഒറ്റയാൾ യാത്രയ്ക്ക് എല്ലായിടത്തു നിന്നും മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്.