കൊച്ചി: അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മോട്ടോർ വാഹനമേഖലയിലെ ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കുമെന്നു കേരള സ്റ്റേറ്റ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഓട്ടോറിക്ഷ, ടാക്സി, ടൂറിസ്റ്റ് പാക്കേജ്, സ്വകാര്യ ബസ്, മോട്ടോർ കാബ്, ജീപ്പ്, ട്രക്കർ, കെഎസ്ആർടിസി, ടാങ്കർ, ലോറി, മിനി ലോറി തുടങ്ങിയ മേഖലയിലുള്ളവരെല്ലാം പണിമുടക്കിൽ പങ്കെടുക്കും.
വാഹനങ്ങൾ ഓടിക്കാതിരിക്കാനും യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ തയാറാവണമെന്നു ജനറർ കണ്‍വീനർ അലി അക്ബർ, ഭാരവാഹികളായ ടി.കെ. രമേശൻ, മനോജ് പെരുന്പിള്ളി, നിസാർ പാറപ്പുറം തുടങ്ങിയവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതേസമയം നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയില്ലെന്നും അവർ പറഞ്ഞു.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ, ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യ അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ, ഓൾ ഇന്ത്യ എൽഐസി എംപ്ലോയീസ് ഫെഡറേഷൻ എന്നിവയും പണിമുടക്കിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
കേരളത്തിൽ 48 മണിക്കൂർ പണിമുടക്ക് സന്പൂർണമായിരിക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു. പണിമുടക്ക് ദിനങ്ങളിൽ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അഭ്യർഥിച്ചു.