സോനു തോമസ്
കോട്ടയം: കേന്ദ്രസർക്കാർ കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങൾക്കു മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകൾ അട്ടിമറിക്കാൻ നീക്കമെന്ന സംശയം ബലപ്പെടുന്നു. ലൈസൻസ് സ്വന്തമാക്കിയ പലരും സ്റ്റോറുകൾ തുടങ്ങാതെ നീട്ടിക്കൊണ്ടു പോവുകയാണ്. സ്റ്റോർ തുടങ്ങിയ ചിലർ ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നു കിട്ടാത്ത സ്ഥലത്താണു സ്റ്റോറുകൾ തുറന്നിരിക്കുന്നത്.
ഇതുകൊണ്ടു ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം കിട്ടാതെ പോവുകയാണ്. ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകളെ വലിയ ഭീഷണിയായിട്ടാണു പല മരുന്നുകച്ചവടക്കാരും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഒൗഷധവ്യാപാരവുമായി ബന്ധമുള്ള പലരും ലൈസൻസ് സ്വന്തമാക്കിയെന്നും ഇവർ സ്റ്റോർ തുറക്കാതെ ഒളിച്ചുകളിക്കുകയുമാണെന്ന ആരോപണമാണ് ഉയരുന്നത്. ജീവൻ രക്ഷാ ഒൗഷധങ്ങളടക്കം അന്‍പതു ശതമാനത്തിലധികം വിലക്കുറവിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കാനാണ് ജൻ ഒൗഷധി സ്റ്റോറുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
50 സ്റ്റോറുകൾ തുറന്നില്ല
ലൈസൻസ് ലഭിച്ചിട്ടും കോട്ടയം ജില്ലയിലെ പകുതിയോളം ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകൾ ഇതുവരെ തുടങ്ങിയിട്ടില്ല. കോട്ടയം ജില്ലയിൽ 16 പേരാണ് ജൻ ഒൗഷധി സ്റ്റോറുകൾക്കുള്ള ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ പകുതി പേരെ സ്റ്റോർ തുറന്നിട്ടുള്ളൂ. സംസ്ഥാനത്ത് 177 ജൻ ഒൗഷധി സ്റ്റോറുകൾക്കുള്ള ലൈസൻസാണു നൽകിയിരിക്കുന്നത്. ഇതിൽ അന്‍പതിലധികം പേരും സ്റ്റോറുകൾ ആരംഭിച്ചിട്ടില്ല. മരുന്നുകളുടെ ലഭ്യതക്കുറവു മൂലമാണു സ്റ്റോർ തുടങ്ങാത്തതെന്നാണു ചിലർ പറയുന്ന കാരണം.
എന്നാൽ, ലൈസൻസ് നേടിയിരിക്കുന്ന പലർക്കും സ്വകാര്യ മെഡിക്കൽ സ്റ്റോർ ഉണ്ടെന്ന സൂചനയാണു പുറത്തുവരുന്നത്. ആശുപത്രിയിലോ ആശുപത്രിക്കു സമീപത്തോ ആയിരിക്കണം ജൻ ഒൗഷധി ആരംഭിക്കേണ്ടതെന്നാണു സർക്കാർ നിർദേശം. എന്നാൽ, സ്ഥലം ലഭ്യമല്ലെന്ന കാരണം പറഞ്ഞു സ്റ്റോറുകളിൽ പലതും ടൗണുകളിൽനിന്ന് അകലെയും ആവശ്യക്കാർക്കു പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തുമാണ് ആരംഭിച്ചിരിക്കുന്നത്.
ജനറിക് പേരു കുറിക്കാൻ മടി
ജനറിക് മരുന്നുകൾ മാത്രം വിൽക്കാനുള്ള ലൈസൻസാണു ജൻ ഒൗഷധിക്കു നൽകിയിട്ടുള്ളത്. എന്നാൽ, സ്വകാര്യ മെഡിക്കൽ സ്റ്റോർ ലൈസൻസ് കൂടിയുള്ളവർ ജൻ ഒൗഷധി വഴി ബ്രാന്റഡ് മരുന്നുകൾ കൂടിയ വിലയ്ക്കു വിൽക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജൻ ഒൗഷധിയുടെ സോഫ്റ്റ് വെയർ ഉപയോഗിച്ചു കംപ്യൂട്ടറൈസ്ഡ് ബില്ല് നൽകണമെന്നാണു വ്യവസ്ഥയെങ്കിലും പലരും ഇതു പാലിക്കുന്നില്ല.
പാരസെറ്റോമോൾ മുതൽ വിവിധ തരം ആന്റിബയോട്ടിക്കുകൾ, കൊളസ്ട്രോളിനും രക്തസമ്മർദത്തിനുള്ള മരുന്നുകൾ തുടങ്ങി 400ലധികം മരുന്നുകൾ ഈ കേന്ദ്രങ്ങൾവഴി ലഭ്യമാണ്. എന്നാൽ, ഡോക്ടർമാരുടെ കുറിപ്പടിയുമായി ജൻ ഒൗഷധി സ്റ്റോറിൽ എത്തുന്നവർക്കു ജനറിക് പേരുകൾ ഇല്ലാത്തതിനാൽ ആ മരുന്ന് ഇവിടെ ഇല്ലെന്ന മറുപടിയാണു ലഭിക്കുന്നത്. ഡോക്ടർമാർ ജനറിക് മരുന്നുകൾ കുറിക്കണമെന്നാണു മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദേശം. എന്നാൽ, ഭൂരിഭാഗം ഡോക്ടർമാരും ഇതു പാലിക്കുന്നില്ല.
ഡോക്ടർമാർ ജനറിക് പേരുകൾകൂടി എഴുതുന്നുണ്ടെന്നു സർക്കാർ ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജനറിക് പേരുകൾ എഴുതിയാൽ പിന്നെ കന്പനിയോ ബ്രാൻഡോ നോക്കേണ്ടതില്ല. നിശ്ചിത ഘടകങ്ങൾ അടങ്ങിയ ഏതു കന്പനിയുടെ മരുന്നും വാങ്ങാം. എന്നാൽ, മരുന്നു കന്പനികളുടെ കമ്മീഷൻ വാങ്ങുന്ന ഡോക്ടർമാരിൽ ചിലർ ജനറിക് പേരുകൾ എഴുതാൻ മടിക്കുകയാണെന്നാണ് ആരോപണം.