റെജി ജോസഫ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഉയരത്തിലാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പു ചെലവ്. 2016 ലെ അമേരിക്കന്‍ ഇലക്ഷനുവന്ന പണച്ചെലവ് 45,000 കോടി രൂപ. ഇന്ത്യയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു പൊടിച്ചത് 55,000 കോടി രൂപ.
2014 പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന. ഒരു വോട്ടിന് 550 രൂപ മൂല്യം.90 കോടി വോട്ടര്‍മാരുള്ള ഇന്ത്യയില്‍ വിജയവും ഭരണവും നിര്‍ണയിക്കുന്ന അടിസ്ഥാനം ഇക്കാലത്തു പണമാണ്.
തദ്ദേശ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങളും നിയമസഭയിലേക്കും ലോക്സഭയിലേക്കും കോടികളും ഒഴുക്കുന്ന പോരാട്ടം.
സ്ഥാനാര്‍ഥിത്വവും വിജയവും അധികാരവും അതിസമ്പന്നര്‍ക്ക് എന്നതായിരിക്കുന്നു ഇന്ത്യന്‍ ജനാധിപത്യത്തി ന്റെ പ്രധാന പരിമിതി. സാധാരണക്കാരനും പാവപ്പെട്ടവനും ജനാധിപത്യശ്രീകോവിലില്‍ ഇരിപ്പിടമില്ലാത്ത സാഹചര്യം.
543 ലോക്സഭാ സീറ്റുകളിലേത് മത്സരിക്കാന്‍ ഇക്കാലത്ത് എണ്ണായിരത്തിലധികം സ്ഥാനാര്‍ഥികളാണ് അണിനിരക്കുക. സ്വതന്ത്രനും കക്ഷിപിന്തുണയില്ലാത്തവനും വിജയം ഏറെ അകലെയാണ്.
മുഖ്യധാരാ പാര്‍ട്ടികള്‍ വോട്ടിനു പണവും മദ്യവും സമ്മാനങ്ങളും വാരിയെറിയുമ്പോള്‍ സ്വതന്ത്രന് ഗോദയില്‍ ഇടംപോലും കിട്ടാറില്ല.
ലോക്സഭാ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണച്ചെലവായി കേന്ദ്ര ഇലക്ഷന് കമ്മീഷന് നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക 70 ലക്ഷം രൂപയും നിയമസഭയിലേക്ക് 30 ലക്ഷം രൂപയുമാണ്.
എന്നാല്‍ ഏറെ മണ്ഡലങ്ങളിലും പരിധിയുടെ പതിന്മടങ്ങാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പൊടിക്കുന്നത്.
തെരഞ്ഞെടുപ്പുകള്‍ അധികാരവും ഭരണവും പദവിയും പിടിച്ചെടുക്കാനുള്ള പോരാട്ടമായതോടെ ജനാധിപത്യത്തെ പണാധിപത്യം നിയന്ത്രിക്കുന്ന സ്ഥിതിയാണിന്ന്. സ്ഥാനാര്‍ഥി ആരായാലും ജനവിധി അനുകൂലമാക്കാന്‍ കണക്കില്ലാതെ പണം വാരിവിതറുന്ന സാഹചര്യം.
പ്രചാരണം മൂന്നു മാസം വരെ നീളുകയും വോട്ടെടുപ്പ് വിവിധ ഘട്ടങ്ങളിലാവുകയും ചെയ്തതോടെ പണ ചെലവ് വര്‍ധിക്കുന്നു.
1952ലെ പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു വോട്ടര്‍ക്ക് ചെലവഴിച്ചത് ആറു പൈസയായിരുന്നു.
കന്നി തെരഞ്ഞെടുപ്പിലെ ആകെ ചെലവ് 10 കോടി രൂപ. അതേ സമയം 2014ല്‍ 3870 കോടിയിലും 2019ല്‍ 6500 കോടിയിലുമെത്തി ഇലക്ഷന് കമ്മീഷന്റെ ചെലവ്.
ഓരോ വോട്ടിനും ചെലവ്
തദ്ദേശം മുതല്‍ ലോക്സഭവരെ തെരഞ്ഞെടുപ്പുകള്‍ അധികാരം പിടിക്കാനുള്ള പോരാട്ടമാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 1264 കോടി രൂപയാണ് ചെലവഴിച്ചത്.
2014ല്‍ അവര്‍ ചെലവഴിച്ചത് 714 കോടി രൂപ. 2019ല്‍ കോണ്‍ഗ്രസ് 820 കോടിയും 2014ല്‍ 516 കോടിയും പൊടിച്ചു. എന്‍സിപി 52 കോടി, ബിഎസ്പി 30 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 83.6 കോടി, ബിഎസ്പി 55.4 കോടി എന്നിങ്ങനെ പോകുന്നു തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച കണക്ക്.
കേവലം നോട്ടീസിലും പോസ്റ്ററിലും ചുവരെഴുത്തിലും മൈക്ക് പ്രചാരണത്തിലും പ്രകടനങ്ങളിലും തീരുന്നതല്ല ഇന്നത്തെ വോട്ടുത്സവം. സോഷ്യല്‍ മീഡിയ വരെ വോട്ടുകളെ സ്വാധീനിക്കുന്ന കാലമാണിത്. 2014ല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണത്തിന് പാര്‍ട്ടികള്‍ ചെലവിട്ടത് 250 കോടി രൂപയായിരുന്നത് 2019ല്‍ 5000 കോടിയിലെത്തി.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടുതല്‍ ചെലവിട്ടത് ബിജെപിയെന്ന് ഫെയ്സ്ബുക്കും ഗൂഗിളും പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗൂഗിള്‍ പരസ്യത്തില്‍ 32 ശതമാനം ബിജെപിയുടേതായിരുന്നു. അതായത് 1.21 കോടി മുടക്കില്‍ 554 പരസ്യങ്ങള്‍. രണ്ടാമത് വൈഎസ്ആര്‍ കോണ്‍ഗ്രസ് 1.04 കോടി.
തെലുങ്കുദേശം 85.25 ലക്ഷം. കോണ്‍ഗ്രസ് 54,100 രൂപ. ഫെയ്സ്ബുക്കില്‍ 7.75 കോടി ബിജെപി ചെലവാക്കി. തൊട്ടുപിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശവും. വൈഎസ്ആര്‍ കോണ്‍ഗ്രസ് 4.19 ലക്ഷം. കോണ്‍ഗ്രസ് 5.91 ലക്ഷം.
ആകാശപ്രചാരണം
ഒരേ ദിവസം ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പറന്നാണ് ദേശീയ നേതാക്കളുടെ പ്രചാരണം. ഇതിലേക്ക് ജെറ്റ് വിമാനങ്ങളും ഹെലികോപ്ടറുകളും വാടകയ്ക്കെടുക്കുന്നതിന്റെ ചെലവുകള്‍ അതിശയിപ്പിക്കും.
കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ 12 ജെറ്റുകളും 20 ഹെലികോപ്റ്ററുകളും ബിജെപി വാടകയ്ക്കെടുത്തു. കോണ്‍ഗ്രസ്് നാലു വിമാനങ്ങളും 10 ഹെലികോപ്റ്ററുകളും.
ബിജെപിയുടെ സെസ്ന സിറ്റേഷന്‍ വിമാനത്തിന് 2.8 ലക്ഷമായിരുന്നു മണിക്കൂര്‍ വാടക. ഫാല്‍ക്കണ്‍ വിമാനത്തിന് നാലു ലക്ഷം. ബെല്‍ 412, അഗസ്റ്റ 109, അഗസ്റ്റ 139 ഹെലികോപ്ടറുകള്‍ക്ക് നിരക്ക് മണിക്കൂറിന് 1.8 ലക്ഷം മുതല്‍ നാലു ലക്ഷം വരെ.
കോണ്‍ഗ്രസ് നേതാക്കള്‍ പറന്ന സെസ്ന സിറ്റേഷന്‍ ജെറ്റിന് 1.8 ലക്ഷവും സെസ്ന സിറ്റേഷന്‍ വിമാനത്തിന് 2.8 ലക്ഷവും ഫാല്‍ക്കണ്‍ വിമാനത്തിന് നാലു ലക്ഷവും.
ഒരു ലക്ഷം രൂപ മുതല്‍ 1.3 ലക്ഷം രൂപ വരെ വാടക നല്കിയ കോപറ്ററുകളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറന്നത്. 2014ല്‍ കോണ്‍ഗ്രസാണ് ആകാശപ്രാചാരണത്തില് കൂടുതല്‍ വിമാനങ്ങളും കോപ്റ്ററുകളും എടുത്തത്.
അധികാരം സര്‍വാധിപത്യം
ദേശീയ ഇലക്ഷന് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ എണ്ണം 2858. ഇതില്‍ എട്ട് ദേശീയ പാര്‍ട്ടികള്‍. സംസ്ഥാന പാര്‍ട്ടികള്‍ 54. അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ 2796.
ഇതില്‍ മുന്നിരയിലേതുള്പ്പെടെ പല പാര്‍ട്ടികളും വ്യക്തിയുടെയോ കുടുംബത്തിന്റെയോ ആള്പ്രമാണിത്വത്തിലും അധീനതയിലുമുള്ളതാണ്. വ്യക്തികേന്ദ്രീകൃത പരമാധിപത്യ പാര്‍ട്ടികള്‍ പലതുണ്ട്.
ഇവര്‍ പാര്‍ട്ടിയുടെ ഉടമസ്ഥതയും അധികാരവും സ്വന്തം കുടുംബത്തിലെതന്നെ അനന്തരവകാശിക്ക് കാലാകാലങ്ങളില്‍ കൈമാറുന്നു. ഇത്തരത്തില്‍ പാര്‍ട്ടിയുടെ ആസ്തിയും പ്രതാപവും കൈവിട്ടുപോകാതെ ഇവര്‍ നിലനിര്‍ത്തുകയാണ് പതിവ്.
സീറ്റ് വില്പന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയല്ല. ചിലപ്പോഴെങ്കിലും അത് പരസ്യമായ ലേലവുമാണ്. പേയ്മെന്റ് സീറ്റുകളും പുതുമയല്ല. പൊതുസ്വതന്ത്രനായി അവതരിക്കുന്നവര്‍ പലരും വന്‍തുക കൊടുത്ത് സീറ്റ് വാങ്ങുന്നവരാണ്. ഇത്തരത്തില്‍ രാഷ്ട്രീയം അധ്വാനവും മുതല്‍മുടക്കുമില്ലാതെ നടത്തുന്ന ബിസിനസും തൊഴിലുമായിരിക്കുന്നു.
അധികാരം പിടിച്ചു നിറുത്താനും ഭരണത്തിലുള്ളവരെ താഴെയിറക്കാനും കോടികള്‍ വാരിയെറിയുന്ന കുതന്ത്രങ്ങള്‍. പിളര്‍ത്താനും കൂറുമാറ്റാനും എംഎല്‍എയ്ക്കും എംപിക്കും ശതകോടികള്‍ നല്കുന്ന കാലം.
തൂക്കുസഭയും പിളര്‍പ്പും വരുമ്പോള്‍ ഓരോ എംപിയും എല്എല്യുടെ നിലപാടിന് കോടികളാണ് വില. അയാറാം ഗയറാം പാരമ്പര്യത്തില്‍ കൂറുമാറാന്‍ തയാറാകുന്ന എംപിക്കും എംഎല്‍എയ്ക്കും ചോദിക്കുന്നതാണ് പ്രതിഫലം. പാര്‍ട്ടിയെ പിളര്‍ത്താനും ഭരണം പിടിക്കാനുമായി ഇവരെ ഒളിവിലും കരുതലിലും പാര്‍പ്പിക്കുന്ന നെറികേടുകള്‍ വേറെ.
ആദര്‍ശം അടയാളമാക്കി നിസ്വാര്‍ഥമായി ജനസേവനം നടത്തിയിരുന്ന നേതാക്കള്‍ പഴയ തലമുറയില്‍ പലരുണ്ടായിരുന്നു. സ്വാതന്ത്ര്യസമരം നയിച്ചു ജയില്‍വാസം അനുഷ്ഠിച്ച് പുറത്തുവന്നു രാജ്യത്തെ നയിച്ച ആദര്‍ശ തലമുറയ്ക്കു മുന്നിലാണ് കൊടുംക്രിമിനലുകള്‍ ഇക്കാലത്ത് ഭരണത്തിലും അധികാരത്തിലും വിലസുന്നത്.
അധോലോകനായകന്മാരുടെയും കുറ്റവാളികളുടെയും സുരക്ഷിതതാവളമാക്കിയിരിക്കുന്നു രാഷ്ട്രീയരംഗം. ഇതിനൊപ്പമാണ് സിനിമാ, കായിക താരങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാരകളെ അലങ്കരിച്ചുവരുന്നത്.
കോടീശ്വരന്മാരുടെ താവളം
പണമുള്ളവര്‍ക്കേ ജനപ്രതിനിധികളാകാനാകൂ എന്നതിന് ഇക്കാലത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ ആസ്തി തെളിവാണ്. പണമില്ലാത്തവര്‍ക്ക് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇടം നന്നേ പരിമിതമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശരാശരി ആസ്തി 14.72 കോടി രൂപയാണെന്നിരിക്കെയാണ് പഴയ തലമുറയില്‍ സ്വത്തുക്കള്‍ ദാനം ചെയ്തു മാതൃക കാട്ടിയ ആദര്‍ശവാദികള്‍ ഇതേ കസേരകളില്‍ ഇരുന്നിട്ടുണ്ടെന്നത് തിരിച്ചറിയേണ്ടത്.
ഇന്ത്യയിലെ ശരാശരി ആളോഹരി വരുമാനം ലോകരാജ്യങ്ങളില്തന്നെ ഏറെ പിന്നിലായിരിക്കെ നമ്മുടെ എംപിമാരില്‍ 475 പേരും കോടിപതികളാണ്. ബിജെപി 301 എംപിമാരില്‍ 265 പേര് അതായത് 88 ശതമാനം കോടീശ്വരന്മാരാണ്. കോണ്‍ഗ്രസിലെ 52 എംപിമാരില്‍ 44 കോടിപ്രഭുക്കള്.
ഡിഎംകെയുടെ 23 പേരില്‍ ഒരാളൊഴികെ എല്ലാവരും കോടിപതികള്‍. ശിവസേനയുടെ 18 എംപിമാരും കോടികളുടെ സ്വത്തുകാര്. തൃണമൂല്‍ കോണ്‍ഗ്രസിലെ 22 എംപിമാരില്‍ രണ്ടു പേര് മാത്രമാണ് ഒരു കോടി രൂപയില്‍ താഴെ ആസ്തിയുള്ളവര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ 22 ല്‍ 19 എംപിമാരും കോടിപ്രഭുക്കള്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍ നാഥാണ് 660 കോടി രൂപയുമായി ലോക്സഭയിലെ ഒന്നാം സമ്പന്നന്.
കന്യാകുമാരിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച്. വസന്ത്കുമാര്‍ 417 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് 338 കോടിയുടെ ആസ്തി. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ കെ.ആര്. കൃഷ്ണരാജയ്ക്ക് 325 കോടിയും ജയ്ദേവ് ഹല്ലയ്ക്ക് 305 കോടിയും.
രാജ്യസഭാംഗങ്ങളില്‍ ബിഹാറിലെ ജെഡിയു എംപി മഹേന്ദ്ര പ്രസാദിന് 4,078.40 കോടി. രണ്ടാമത് അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന് 1001.63 കോടി. ബിഹാറിലെ ബിജെപി എംപി രവീന്ദ്ര കിഷോര്‍ സിന്‍ഹ 857.11 കോടി, കോണ്‍ഗ്രസിലെ മനു അഭിഷേക് സിംഗ്വി 649.80 കോടി, ജെഡിഎസിലെ ഡി. കുപേന്ദ്ര റെഡ്ഡി 462.58 കോടി, മഹാരാഷ്ട്രയിലെ സ്വതന്ത്ര എംപി സഞ്ജയ് ദത്തത്രേയ കക്കഡേ 425.65 കോടി, കോണ്‍ഗ്രസിലെ ടി. സുബ്ബരാമ റെഡ്ഡി 422.44 കോടി, ബിജെപിയിലേക്കു കൂറുമാറിയ തെലുങ്കുദേശത്തിലെ സി.എം. രമേശ് 258 കോടി, എന്‍സിപിയിലെ പ്രഫുല്‍ പട്ടേല്‍ 252 കോടി, വൈഎസ്ആര്‍ കോണ്‍ഗ്രസിലെ വി. പ്രഭാകര്‍ റെഡ്ഡി 230.26 കോടി… ഇങ്ങനെ നീളുന്ന രാഷ്ട്രീയ കോടീശ്വരനിര. ഇവരില്‍ ഏറെപ്പേരുടെയും ശരിക്കുള്ള ആസ്തി വെളിപ്പെടുത്തിയിന്റെ പതിന്മടങ്ങാണെന്നതില് സംശയം വേണ്ട. ബെനാമികളുടെയും ബന്ധുക്കളുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തുക്കള്‍ ഒരിക്കലും പുറത്തുവരില്ല. സ്വന്തം വ്യവസായ സാമ്പ്രാജ്യമുള്ള ഇവരൊക്കെ ഒരിക്കല്‍ അധികാരത്തിന്റെ ഭാഗമായാല്‍ പിന്നീട് പിന്മാറില്ല. തോറ്റാലും ജയിച്ചാലും ഇവര്‍ മത്സരിക്കും. അധികാരത്തിന്റെ നിഴല്‍പറ്റി ജീവിതം ഭദ്രമാക്കുകയും ചെയ്യും.
(തുടരും)