ടി.ജി.ബൈജുനാഥ്
അരവിന്ദ് എന്ന കനൽദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ‘ജനഗണമന’ ഡിജോ ജോസ് ആന്റണി ചിത്രീകരിച്ചത് കോവിഡിന്റെ ആരോഹണ അവരോഹണ ദിനങ്ങളിലാണ്.
ഒരു ഫ്രെയിമിൽ പോലും കോവിഡ് പരിമിതികൾ നിഴലിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ഷൂട്ടിംഗ് പൂർത്തിയാക്കാനെടുത്തത് ഒന്നര വർഷം.
ഷാരിസ് മുഹമ്മദിന്റെ സ്ക്രിപ്റ്റിൽ കോം പ്രമൈസ് ഏതുമില്ലാതെ ഡിജോ സംവിധാനം ചെയ്ത ‘ജനഗണമന’ ഏപ്രിൽ 28നു തിയറ്ററുകളിൽ. നിർമാണം സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ.
“ ഞാൻ സിനിമ ചെയ്യുന്നതു പ്രേക്ഷകർക്കു വേണ്ടിയാണ്. അല്ലാതെ എനിക്കിഷ്ടമുള്ള സിനിമ മാത്രം ചെയ്യാനല്ല. എഴുത്തുകാരന്റെയോ സംവിധായകന്റെയോ രാഷ്്ട്രീയം കുത്തിക്കയറ്റാൻ വേണ്ടി ഒരു സിനിമ ചെയ്തതല്ല.
ഒരു കമേഴ്സ്യൽ എന്റർടെയ്നർ കൊടുക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം ”- ഡിജോ പറയുന്നു.
‘ജനഗണമന’ ഒരു പൃഥ്വിരാജ് സിനിമയാണോ..?
ഇതു പൃഥ്വിരാജിന്റെ മാത്രം സിനിമയല്ല. സുരാജേട്ടന്റെയും മംമ്തയുടെയും ശാരിയുടെയുമൊക്കെ കഥാപാത്രങ്ങൾ വളരെ പ്രാധാന്യമേറിയതാണ്.
ഇവർക്കെല്ലാം അതിന്റേതായ ഇടമുണ്ട് ഈ സിനിമയിൽ. തമിഴ് നടൻ ദയാളനാണ് ട്രെയിലറിലെ സ്ഫോടന സീനിൽ രാഷ്്ട്രീയക്കാരനായി വരുന്നത്.
പൊളിറ്റിക്കൽ ത്രില്ലർ മാത്രമാണോ ‘ജനഗണമന’…?
സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ എന്നു പറയാമെങ്കിലും അതിലും ഒതുങ്ങില്ല. കാന്പസിന്റെ ഫയർ ഏറെയുണ്ട്. ഡ്രൈവിംഗ് ലൈസൻസുമായോ അയ്യപ്പനും കോശിയുമായോ യാതൊരു ബന്ധവുമില്ല.
ടീസർ കണ്ടപ്പോൾ പൃഥ്വിയുടെയും സുരാജേട്ടന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പൊളിറ്റിക്കൽ ഈഗോ എന്ന് ആളുകൾ കരുതി. ട്രെയിലർ വന്നപ്പോൾ അതു മാറി.
ടീസറിലെയും ട്രെയിലറിലെയും സീനുകൾ ‘ജനഗണമന 2’ ലേതാണെന്നു ട്രെയിലർ ലോഞ്ചിൽ പൃഥ്വിരാജ്. പുതിയ ട്രെയിലർ വരുമോ?
ടീസറോ ട്രെയിലറോ ഇറക്കാതെയാണ് അൽഫോണ്സ് പുത്രൻ ‘പ്രേമം’ റിലീസ് ചെയ്തത്. അദ്ദേഹം അതു വേണ്ട എന്നു തീരുമാനിച്ചു;
‘പ്രേമം’ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. അതേപോലെ, എനിക്ക് ഇതിൽ നിന്ന് റിലീസിനു മുന്നേ ഇതു രണ്ടും മാത്രമേ പുറത്തുവിടണമെന്നുണ്ടായിരുന്നുള്ളൂ. ടീസറിലെയും ട്രെയിലറിലെയും എന്തെങ്കിലുമൊക്കെ ജനഗണമന പാർട്ട് 1 ൽ ഉണ്ടാവും.
പൃഥിയുടെ കഥാപാത്രം ഒരു സ്ഫോടനം നടത്തി. ഇനി മറ്റൊരിടത്തു പൊട്ടിക്കുന്നതായിരിക്കും സിനിമ എന്നു പലരും ചിന്തിക്കാനിടയുണ്ട്.
എന്നാൽ, അതല്ല ഈ സിനിമ. അതുകൊണ്ടാണ് ഇതു പൃഥ്വിയിൽ മാത്രം ഒതുങ്ങുന്ന സിനിമയല്ലെന്നു പറഞ്ഞത്.
ലൂസിഫർ പോലെ ധാരാളം ലെയറുകളുള്ള വലിയ പടമല്ലേ ജനഗണമന.. .?
അങ്ങനെ തോന്നിയെങ്കിൽ അത് എന്റെ ഭാഗ്യം. ഏപ്രിൽ 28 നു പടം വിജയിച്ചാൽ ലൂസിഫറുമായി താരതമ്യം ചെയ്യാം. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ ലെയറുകളും ആഴവും പരപ്പുമുള്ളതാണ്.
ജനഗണമന എന്നു കേൾക്കുന്ന ഏതൊരാൾക്കും അയാളുടെ മതവും രാഷ്്ട്രീയവും ഏതുമാവട്ടെ ഒന്ന് എഴുന്നേറ്റു നിൽക്കാൻ തോന്നുന്നില്ലേ.
ഈ സിനിമ കാണുന്ന ഏതൊരാൾക്കും…അയാൾ ഇടതോ വലതോ ബിജെപിയോ ഏതുമാവട്ടെ അതു കണക്ട് ചെയ്യാനാവണം. അല്ലാതെ, ഇതിൽ വലിയ രാഷ്്ട്രീയമൊന്നും പറയുന്നില്ല.
ഗാന്്ധിയെ കൊന്നതിനു രണ്ടു പക്ഷമുള്ള നാടാ സാറേ ഇത് എന്നു ടീസറിൽ. ഇവിടെ നോട്ടു നിരോധിക്കും. വേണ്ടിവന്നാൽ വോട്ടും നിരോധിക്കും. ഒരുത്തനും ചോദിക്കില്ല.
കാരണം, ഇത് ഇന്ത്യയല്ലേ എന്നു ട്രെയിലറിൽ. ചില രാഷ്്ട്രീയ പാർട്ടികൾക്കെതിരേയുള്ള സൂചനകളല്ലേ ഇതൊക്കെ..? വിവാദസാധ്യതയുണ്ടോ…?
അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. പൃഥ്വിയുടെ കഥാപാത്രം നീതി നിഷേധിക്കപ്പെട്ട ആളാണെന്നു ട്രെയിലർ കാണുന്പോൾ തോന്നുന്നില്ലേ.
നമ്മുടെയൊക്കെ വേദനകൾ വേറെവേറെയാണ്. ഓരോരുത്തരും അവരവരുടെ വേദനകളിൽ പറയുന്ന രാഷ്്്ട്രീയത്തിനും വ്യത്യസ്്തതയുണ്ടാവും.
ഇവിടെ പൃഥ്വിയുടെ കഥാപാത്രം അയാളുടെ വേദനയിൽ പറയുന്ന രാഷ്്ട്രീയമാണ് ആ ഡയലോഗുകളിൽ. പക്ഷേ, അതു നമ്മുടെ സിനിമയുടെ രാഷ്്ട്രീയമല്ല. ഇതു മറ്റേ സംഭവമല്ലേ,
അന്നു നടന്ന ആ പ്രശ്നമല്ലേ…എന്നൊ ക്കെ ഫീൽ ചെയ്താൽ അതിലൊന്നും പ്രചോദിതമായല്ല ഈ സിനിമ ചെയ്തിരിക്കുന്നതെന്ന്് പടം കാണുന്പോൾ വ്യക്തമാവും. ‘ഇവിടെ നോട്ടു നിരോധിക്കും.. ’എന്ന ഡയലോഗ് ഉൾപ്പെടുത്തി യതുകൊണ്ട് അവിടെ രാഷ്്ട്രീയമല്ല സംസാരിക്കുന്നത്.
ഒരു വിവാദം വേണം എന്നു ഞാൻ ഷാരിസിനോടു പറഞ്ഞതിൻപ്രകാരം കിട്ടിയ ഡയലോഗല്ല. പൃഥ്വിയുടെ കഥാപാത്രത്തോടു മോശ
മായി സംസാരിച്ച ഒരു രാഷ്്ട്രീയക്കാരനോട് ഇത് ഇന്ത്യയല്ലേ എന്നു മാത്രം പറഞ്ഞാൽ സീനിനു പൊലിപ്പുണ്ടാവില്ല. അതിനു തൊട്ടു മുന്പ് രണ്ടു വാചകം കൂടി ചേർത്തു.
പക്ഷേ, ആളുകൾക്ക് അതു കണക്ട് ചെയ്യാനാവും. ഇതൊക്കെ സംഭവിച്ച കാര്യങ്ങളല്ലേ. അല്ലാതെ, അതിൽ ഒരു രാഷ്്ട്രീയവും ഇല്ല; വിവാദസാധ്യതയുമില്ല.
സ്ഫോടനശേഷം പുറത്തേക്കു വരുന്ന പൃഥ്വിയുടെ കഥാപാത്രത്തിന്റെ മുഖത്തു കണക്കു തീർത്തതിന്റെ ചിരി തെളിയുന്നുണ്ട്. ഇത് ലൂസിഫർ പോലെ ഒരു മാസ് സിനിമയാണോ…?
എന്റെ മാസിന്റെ അളവ് ഇങ്ങനെയായിരിക്കും എന്നാണ് ഉദ്ദേശിച്ചത്. ലൂസിഫറിലേതുപോലെ അടി, സ്റ്റൈലിഷായ ഇടി…അത്തരം മാസൊന്നും ഇതിലില്ല.
പക്ഷേ, നിങ്ങളെ കയ്യടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരുപാടു സീനുകളുണ്ട്. വേറൊരു പാറ്റേണിലാണു ചെയ്തിരിക്കുന്നത്. ഗാന്്ധിയെ കൊന്നതിന്… എന്ന ഡയലോഗ് പറയുന്ന രീതി, അതിന്റെ കൂടെയുള്ള ചിരി…അതാണു ടീസറിനെ തീവ്രമാക്കുന്നത്.
അല്ലാതെ, ആ ഡയലോഗല്ല. പൃഥ്വിയുടെ കഥാപാത്രം അയാളുടെ ഉള്ളിലെ വേദനയിൽ ഡയലോഗു പറഞ്ഞശേഷം ചിരിക്കുകയാണ്. അവിടെയാണ് പൃഥ്വിയിൽ, ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം നമ്മൾ കാണുന്നത്.
പൃഥ്വിയാണോ സുരാജാണോ നായകൻ…?
പൃഥ്വിരാജ് നായകനാണോ വില്ലനാണോ എന്നു തീരുമാനിക്കേണ്ടതു പ്രേക്ഷകരാണ്. അയാൾ ചെയ്തതു ശരിയാണെന്ന് ഒരാൾക്കു തോന്നിയാൽ പൃഥ്വി നായകനാണ്. നേരേമറിച്ച് അയാൾ ചെയ്്തതു ശരിയല്ല എന്നു ചിന്തിച്ചാൽ അയാൾ വില്ലനാണ്. ഇതുപോലെ തന്നെയാണ് ഈ സിനിമയിലെ പല കഥാപാത്രങ്ങളുടെയും കാര്യം.
സുരാജിലേക്ക് എത്തിയത് ..?
പൃഥ്വിയോടു കഥ പറഞ്ഞപ്പോൾ എസിപി വേഷം ആരാണു ചെയ്യുന്നതെന്ന് ചോദിച്ചു. സുരാജേട്ടൻ എന്നു പറഞ്ഞപ്പോൾ, ആ റോളിന് അദ്ദേ ഹം ഓകെയാണോ എന്നു പൃഥ്വി.
അദ്ദേഹം തന്നെ അതിനു പറ്റിയ ആൾ എന്നു ഞാൻ തീർത്തു പറഞ്ഞു. പൃഥ്വി ചെയ്യേണ്ട ഒരു പോലീസ് വേഷമാണ് സുരാജ് ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. സുരാജേട്ടൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ്.
സീനെടുക്കുന്പോൾ പൃഥ്വിയിലെ ഡയറക്ടറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ…?
ഗംഭീര ടെക്നീഷനും ഡയറക്ടറുമാണ് പൃഥ്വിരാജ്. പക്ഷേ, സെറ്റിൽ വരുന്പോൾ അദ്ദേഹം അഭിനയിക്കുന്നു, പോകുന്നു. പൃഥ്വി എനിക്കു തന്ന സ്പേസ് വളരെ വലുതായിരുന്നു.
ഒരു സീനിലും അദ്ദേഹത്തിൽ നിന്ന് ഒരു സജഷനും ഉണ്ടായിരുന്നില്ല. ആദ്യം കഥ പറഞ്ഞപ്പോൾ കഥാഗതിയിൽ രണ്ടുമൂന്നു കാര്യങ്ങൾ….അത് അങ്ങനെ പോകണോ, ഇങ്ങനെയാണെങ്കിൽ നല്ലതാവില്ലേ… എന്ന് ചോദിച്ചിരുന്നു.
അതു ഗംഭീരമായിരുന്നു. ഇത്ര സീൻ വെട്ടണം എന്നൊന്നും പൃഥ്വി പറഞ്ഞിട്ടില്ല. മറിച്ചായിരുന്നുവെങ്കിൽ ഒരുപക്ഷേ, സുരാജേട്ടന്റെ മൊത്തം സീനുകളും അദ്ദേഹം വെട്ടേണ്ടതാണ്!
സിനിമ കാണുന്പോൾ അതു മനസിലാകും. തന്റെ പ്രാധാന്യം കുറയുമെന്നൊന്നും ചിന്തിക്കുന്ന ആളല്ല പൃഥ്വി. നല്ല സിനിമകൾ തെരഞ്ഞുപിടിച്ചു ചെയ്യുന്ന നടനാണ് പൃഥ്വി.
സിനിമ റിലീസാകുന്പോൾ സ്്ത്രീവിരുദ്ധതയുണ്ടോ, ബോഡി ഷെയിമിംഗ് ഉണ്ടോ, പൊളിറ്റിക്കൽ കറക്ട്നെസുണ്ടോ ഇത്തരം ചോദ്യങ്ങളുമായി ചിലർ വരാറുണ്ട.്..?
ഏതു സിനിമയും 30-35 ശതമാനം പേർക്ക് ഇഷ്ടമാവില്ല. അവരിൽ ചിലരാവാം ഇത്തരം പോയിന്റുകളുമായി വരുന്നത്. റിവ്യൂ ചെയ്യാൻ അവർക്കു സ്വാതന്ത്ര്യമുള്ളതു പോലെ എന്റെ സ്വാതന്ത്ര്യമാണ് എന്റെ സിനിമ. അവർക്കു സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാരണമാവാം.
പക്ഷേ, സിനിമ കാണാൻ നേരത്തേ തീരുമാനിച്ചിരുന്നവർ റിവ്യൂ കണ്ടിട്ട് ഓ, ഇതു തല്ലിപ്പൊളി പടമാണ്, കാണുന്നില്ല എന്നു പറയുന്നതു മണ്ടത്തരമാണ്.
ജനഗണമന പാൻ – ഇന്ത്യൻ സിനിമയാണോ..?
മലയാളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ സിനിമ എന്നു പറയാം. ഏതു സംസ്ഥാനത്തുള്ളവർക്കും ഈ കഥ കണക്ടാവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതിന്റെ ട്രെയിലർ വ്യൂവ്സ് 12 ദിവസത്തിനകം 10 മില്യണ് കടന്നു എന്നത്. ആ സീൻ സംഭവിക്കുന്നതു കർണാടകയിലാണ്.
കേരളത്തിലെ ഒരു സർക്കാർ ഓഫീസിലായിരുന്നു സ്ഫോടന സീൻ കാണിച്ചിരുന്നതെങ്കിൽ ഇവിടെ ഇങ്ങനെയൊക്കെ നടക്കുമോ എന്നു നമ്മൾ ചിന്തിക്കും. സിനിമ ആർക്കും കണക്ടാവില്ല. സിനിമയ്ക്ക് ഇപ്പോൾ ഉള്ള വലുപ്പം കിട്ടുകയുമില്ല.
ഒടിടി റിലീസ് ആലോചിച്ചിരുന്നോ..?
കഥ കേട്ടപ്പോഴേ തിയറ്റർ റിലീസെന്നു തീരുമാനിച്ചതാണ്. തിയറ്ററിലെത്തി ഒരു പ്രത്യേക ദിവസം കഴിയുന്പോൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ നെറ്റ്ഫ്ളിക്സുമായി കരാർ ആയി. ഏപ്രിൽ 28 ന് ഇതു തിയറ്ററിൽ മാത്രമേ കാണാൻ പറ്റൂ.