എസ്.ആർ.സുധീർകുമാർ
കൊല്ലം: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി ബജറ്റിൽ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ജനകീയ ഹോട്ടലിന്റെ ആദ്യ പ്രവർത്തനം ഇന്ന് പരവൂർ നഗരസഭയിൽ ആരംഭിക്കും.
ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് ഉച്ചയൂണിന് 25 രൂപ ഈടാക്കുന്ന ആയിരം ഹോട്ടലുകൾ ആരംഭിക്കുമെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയുമായി സഹകരിച്ചാണ് ഹോട്ടൽ ഇന്നുതൽ തുടങ്ങുന്നത്. മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപമാണ് ഹോട്ടലിന്റെ പ്രവർത്തനം.
ലോക് ഡൗൺ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇവിടെ ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ടാകില്ലെന്ന് നഗരസഭാ ചെയർമാൻ കെ.പി.കുറുപ്പും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പനും അറിയിച്ചു.
ഭക്ഷണം വേണ്ടവർക്ക് വോളണ്ടിയർമാർ വീടുകളിൽ എത്തിക്കും. ഇതിനായി തലേ ദിവസം മുമ്പ് ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ച് അറിയിക്കണം. ഓർഡർ ചെയ്യുന്നവർ പേര്, വിലാസം, എത്തേണ്ട വഴി എന്നിവ നൽകണം. ഭക്ഷണം എത്തിക്കുമ്പോൾ 25 രൂപ കൈമാറണം.
ഭക്ഷണം ആവശ്യമുള്ള നഗര പരിധിയിൽ ഉള്ളവർ 94476 54340, 94461 14371, 8129244190 , 79022 95924, 98951 57751, 96330 77876 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. ജില്ലയിൽ ആകെ 75 ജനകീയ ഹോട്ടലുകൾ തുറക്കാനാണ് സർക്കാർ തലത്തിലെ തീരുമാനം.
ജില്ലയിൽ കുടുംബശ്രീ സഹകരണത്തോടെ ഇപ്പോൾ 40 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. ലോക് ഡൗൺ കാലാവധി കഴിഞ്ഞാൽ ഇവയെ ജനകീയ ഹോട്ടലുകൾ ആക്കി മാറ്റാനാണ് ആലോചന. കൂടാതെ 35 ഹോട്ടലുകൾ കൂടി ആരംഭിക്കും.