തൃശൂർ: ഒരു സൈബർ ആക്രമണത്തിനും അവരുടെ ചുവടുകൾ തെറ്റിക്കാനായില്ല. ഒരു മതവിദ്വേഷ പ്രചാരണത്തിനും അവരുടെ നൃത്തബോധത്തെ ഇല്ലാതാക്കാനുമായില്ല.
ഇനിയും ഒരുമിച്ച് ഡാൻസ് ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും വീണ്ടും ആടിത്തിമർത്തു, എല്ലാ വിമർശകരുടെയും വായടപ്പിച്ചുകൊണ്ട്.
ആശുപത്രി വരാന്തയിലെ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ തൃശൂർ ഗവ.മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ. റസാഖും തങ്ങളുടെ രണ്ടാമത്തെ കിടു പെർഫോമെൻസ് നടത്തിയത് സ്വകാര്യ എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ്.
മോഹൻലാലിന്റെ ആറാം തന്പുരാനിലെ പാട്ടിന്റെ റീമിക്സ് വേർഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയ്യടി നേടുന്പോൾ ഇവരുടെ രണ്ടു ഡാൻസ് പ്രകടനങ്ങളും കാണാൻ നിരവധി പേരാണ് അനുനിമിഷം സോഷ്യൽമീഡിയ തെരയുന്നത്.
ടിവി ചാനലിന് നൽകിയ ഇരുവരും അവരുടെ നിലപാടുകളും വ്യക്തമാക്കി.
തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും വളരെ കുറച്ചുപേർ മാത്രമാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയതെന്നും ഭൂരിപക്ഷവും തങ്ങൾക്കൊപ്പം തങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അവർ പ്രതികരിച്ചു.
ഇനിയും ഡാൻസ് വീഡിയോകൾ ചെയ്യും. ഞങ്ങൾ സൈബർ ആക്രമണങ്ങളുടെ പിന്നാലെ പോകുന്നില്ല. അത് അതിന്റെ വഴിക്ക് നീങ്ങട്ടെ.
പറയേണ്ടവരൊക്കെ എന്തെങ്കിലും പറയട്ടെ. ഞങ്ങൾക്ക് അതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങൾ വിദ്യാർഥികളാണ്.
അത് നെഗറ്റീവായി ചിത്രീകരിക്കാൻ തോന്നുവർക്ക് അങ്ങനെ ചെയ്യാം. അതൊന്നും ഞങ്ങളെ ബാധിക്കില്ല – നവീനും ജാനകിയും ഒരുമിച്ചു പറഞ്ഞു.
ഞങ്ങൾ ഒന്നിച്ചാണ് പഠിക്കുന്നതും ക്ലാസിൽ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആ ഞങ്ങൾ ഒരു ഡാൻസ് ചെയ്തു. എന്റർടെയ്ൻമെന്റ് മാത്രമാണ് ഉദ്ദേശിച്ചത്.
അതിനെ അങ്ങനെ കാണണമെന്നും നവീൻ ആവശ്യപ്പെട്ടു. ഐഎംഎയും കോളജ് യൂണിയനുമൊക്കെ വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.