പാലക്കാട്: വാളയാർ എലപ്പുള്ളിയിൽ തനിച്ചുതാമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയത് പീഡനത്തിനിരയാക്കിയതിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ രാത്രി വൈകി ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്.
ഇന്നലെ രാവിലെയാണ് എലപ്പുള്ളി കരിമിയൻകോട് പരേതനായ ആറുച്ചാമിയുടെ ഭാര്യ ജാനകി എന്ന ജാനു (72) വിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാനുവിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വർണമാല നഷ്ടപ്പെട്ടിരുന്നു.
രാവിലെ നാട്ടുകാരാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലും ശരീരത്തിലും ചില പാടുകൾ കണ്ടു. തുടർന്ന് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങി.
മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതി അയൽവാസിയായ കരിന്പിയൻകോട് സ്വദേശി ബാബുവിനെ (33) അറസ്റ്റ് ചെയ്തു. ഇയാളെ വീട്ടുപരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന പരിസരവാസികളുടെ മൊഴിയെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ മോഷണം നടത്താൻ കൊലപാതകം നടത്തിയതായി സമ്മതിച്ചു. എന്നാൽ രാത്രി വൈകി ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയോധിക പീഡനത്തിനിരയായതായി തെളിഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എട്ടുവർഷം മുന്പ് ഭർത്താവ് മരിച്ച ജാനു ഒറ്റയ്ക്കാണ് താമസം. രണ്ടു പെണ്മക്കളെ വിവാഹം ചെയ്ത് അയച്ചു. ഏക മകൻ അഞ്ചുവർഷം മുന്പ് ആത്മഹത്യ ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ജാനു. ഇന്നലെ പുലർച്ചെയോടെ മോഷണ ലക്ഷ്യവുമായി വീടിന്റെ വേലി ചാടിക്കടന്ന് എത്തിയ ബാബു വീടിന്റെ ഫ്യൂസ് ഉൗരിയ ശേഷം അകത്തുകടന്നു. അടുക്കളയിലായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ചു.
വായപൊത്തി ശ്വാസം മുട്ടിച്ചതിനെ തുടർന്ന് കുതറി ഓടുന്നതിനിടയിൽ തലയടിച്ചുവീണ് ബോധരഹിതയായി. തുടർന്ന് ബാബു പീഡനത്തിനിരയാക്കി. കഴുത്തു മുറുക്കി മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മാലകവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്തുന്പോൾ മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നു.
ഡിവൈഎസ്പി സാജു കെ. എബ്രഹാം, സിഐമാരായ ടി.എൻ ഉണ്ണികൃഷ്ണൻ, യൂസഫ് നടുപറന്പേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ജാനകിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.