ചീമേനി: റിട്ട. അധ്യാപികയുടെ കൊലപാതക കേസിലെ പ്രതികൾ പുറത്തുതന്നെ. രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭവുമായി രംഗത്ത്. പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക പി.വി. ജാനകിയുടെ കൊലപാതകം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ഇനിയും പോലീസിന് ആയിട്ടില്ല. രാത്രിയിൽ വീട്ടിൽ ഇരച്ചുകയറി കൊലപാതകവും അക്രമവും നടത്തി പണവും സ്വർണാഭരങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ആദ്യം പോലീസ് കാട്ടിയ വേഗം ഏതാണ്ട് നിലച്ച മട്ടാണ്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടവരുത്തിയത്.
രണ്ടു പോലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് കിട്ടിയ തെളിവുകൾ ഇനിയും കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ബന്ധിപ്പിക്കാനായിട്ടില്ലെന്നാണ് സൂചന. കൊലപാതകം നടന്ന ദിവസം പുലിയന്നൂർ ടവർ ലൊക്കേഷനിൽ നടന്ന ഒരു മൊബൈൽ വിളി കേന്ദ്രീകരിച്ചാണ് അവസാനമായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധ.
അതെ സമയം നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും യുഡിഎഫും പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തിട്ടുണ്ട്. ജാനകി ടീച്ചറുടെ കൊലപാതകികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎം ചീമേനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയന്നൂരിൽ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. വത്സലൻ, വി.പി. ജാനകി, ഏരിയ സെക്രട്ടറി കെ. സുധാകരൻ, കയനി കുഞ്ഞിക്കണ്ണൻ, എം. ശശിധരൻ, ദിലീപ് തങ്കച്ചൻ, കെ. ഭാസ്കരൻ, യു. രാഘവൻ,പി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി. വത്സലൻ (ചെയർമാൻ), എം. ശശിധരൻ(കണ്വീനർ).
ചീമേനി ടൗണിൽ യുഡിഎഫ് നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം കരിന്പിൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.ടി.പി. അബ്ദുൾ കരീം, എം. വിനോദ് കുമാർ, കെ. ബാലൻ, സുഭാഷ് ചീമേനി, കെ. രാഘവൻ, ടി.വി. കുഞ്ഞിരാമൻ, പി.പി. അസൈനാർ മൗലവി, ടി.പി. ധനേഷ്, എൻ.എം. ഷാഹുൽ ഹമീദ്, ആർ. സ്നേഹലത എന്നിവർ പ്രസംഗിച്ചു.