പയ്യന്നൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകി (65) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം കൊലപാതക കേസ് അന്വേഷിച്ചിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കുറ്റകരമായ അനാസ്ഥ കാണിച്ച പയ്യന്നൂര്‍ പോലീസിനെതിരെ നടപടിക്ക് ശിപാര്‍ശയും സമര്‍പ്പിച്ചിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വില്പന നടത്താന്‍ പ്രതി പയ്യന്നൂരില്‍ എത്തിയിരുന്നു.സംഭവം ജ്വല്ലറി ഉടമ ജനപ്രതിനിധി മുഖേന പോലീസില്‍ അറിയിച്ചിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാതെയും വിവരം അന്വേഷണ സംഘത്തിന് കൈമാറാതെ ലാഘവത്തോടെ കൈകാര്യം ചെയ്തതായാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഡിവിഷന് ഡിവൈഎസ്പിയെ നിത്യേന സ്റ്റേഷന് കാര്യങ്ങള്‍ അറിയിക്കുക പതിവാണെങ്കിലും കേസിലെ തൊണ്ടിമുതലുകളായ പവിത്ര മോതിരവും താലിയും പയ്യന്നൂരില്‍ വില്‍ക്കാനെത്തിയ യുവാവ് മുങ്ങിയ സംഭവത്തെപറ്റി പോലീസ് അന്വേഷണം നടത്തിയിട്ടും അറിയിക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യം മേലധികാരികളെ അറിയിക്കാതിരുന്നത് മനഃപൂര്‍വ്വമല്ല എന്ന വിധത്തിലാണ് റിപ്പോര്‍ട്ട്.
അതേസമയം ചീമേനി കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍ പയ്യന്നൂര്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉത്തര മേഖല റേഞ്ച് ഐജിക്ക് നടപടിക്ക് ശിപാര്‍ശയും ചെയ്തിട്ടുണ്ട്
റിട്ട.അധ്യാപികയെ വെട്ടികൊലപ്പെടുത്തിയ ശേഷമാണ് വീട്ടില്‍ നിന്നും അക്രമികള്‍ സ്വര്‍ണാഭരണം കവര്‍ന്നത്.
തടയാനെത്തിയ അധ്യാപികയുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്റര്‍ക്കും(70) മാരകമായ മുറിവേറ്റിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വന്ന കാലതാമസം പോലീസിന് പൊതുജനമധ്യേ അപകീര്ത്തിയുണ്ടാക്കിയിരുന്നു.ഒടുവില്‍ കൊലയാളി സംഘത്തിലെ യുവാവിന്റെ പിതാവ് നല്കിയ സൂചന വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പവിത്ര മോതിരവും താലിയും കവര്‍ച്ച ചെയ്ത വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്താനാകാതെ പോലീസ് വട്ടം കറങ്ങുന്നതിനിടയിലാണ് അക്രമികളിലൊരാള്‍ തൊണ്ടിമുതല്‍ വില്‍ക്കുന്നതിനായി പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിയത്.സംശയം തോന്നിയ ജ്വല്ലറിയുടമ ജനപ്രതിനിധിയുടെ സഹായത്തോടെ വിവരം പയ്യന്നൂര്‍ പോലീസ് കൈമാറിയിരുന്നു.ഇതിനിടയില്‍ സംശയം തോന്നിയ അക്രമി ഹോട്ടലില്‍ കയറി മുങ്ങിയെങ്കിലും ജ്വല്ലറിയിലെ സിസിടിവിയിലും മൊബൈല്‍ ഫോണിലും ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു.
എന്നാല്‍, ചിത്രങ്ങള്‍ പരിശോധിച്ച പോലീസ് തൊണ്ടിമുതലുമായി പോയതല്ലാതെ സംഭവത്തെപറ്റി അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കുകയോ പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഡിവൈഎസ്പിയുടെയും രണ്ട് സിഐമാരുടേയും സാന്നിധ്യത്തിലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തത്.
സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, പയ്യന്നൂര്‍ എസ്എച്ച്ഒ എം.പി.ആസാദ്, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കൊലപാതകവും കവര്‍ച്ചയും സംബന്ധിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പോലീസിന്റെ വീഴ്ചക്കെതിരേയുള്ള നടപടി.