മുളങ്കുന്നത്തുകാവ്: കേരളം ചുവടുവെച്ച ആ 30 സെക്കൻഡ് നൃത്തം പകർത്തിയത് ദാ ഈ കൊച്ചു ഡോക്ടറാണ്. മലപ്പുറം തൃപ്പനച്ചി പൂവൻചാലിൽ വീട്ടിൽ കെ.മുഷ്താഖ് അലി.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും ആടിത്തിമർത്ത നൃത്തം വൈറലായപ്പോൾ ആരാണ് ഇത് ചിത്രീകരിച്ചതെന്ന് പലരും ചോദിച്ചിരുന്നു. ഒരു പ്രഫഷണൽ ക്യാമറമാന്റെ കൈത്തഴക്കത്തോടെയാണ് ആ 30 സെക്കന്റ് ചടുല നൃത്തം ചിത്രീകരിച്ചിരുന്നത്.
ഡാൻസ് വൈറലാകുന്പോൾ മലപ്പുറത്തെ വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്ന് അതെല്ലാം നോക്കിക്കണ്ട് ആഹ്ലാദിക്കുകയാണ് ജാനകിക്കും നവീനിനുമൊപ്പം മെഡിക്കൽ പഠനം തുടരുന്ന മുഷ്താഖ് അലി. നവീനും ജാനകിയും വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്പോഴും മുഷ്താഖ് കാമറയ്ക്ക് പിന്നിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.
പബ്ലിസിറ്റിക്കു വേണ്ടിയല്ല അത് ചിത്രീകരിച്ചതെന്ന് മുഷ്താഖ് രാഷ്ട്രദീപികയോട് മനസു തുറന്നു……ആറു മാസം മുൻപ് വാങ്ങിയ ഐ ഫോണ് ഉപയോഗിച്ചാണ് ആ നൃത്തരംഗം ചിത്രീകരിച്ചത്. ക്യാമറ എങ്ങിനെ പ്രവർത്തിപ്പിക്കണമെന്ന് യൂ ട്യൂബിലൂടെ നോക്കി പഠിച്ചു.
ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ബാക്ക് ഗ്രൗണ്ടിനെക്കുറിച്ച് ഐഡിയ തോന്നിയത്. അപ്പോൾ തന്നെ ആ രീതിയിൽ ഷൂട്ട് ചെയ്തു. മൂന്നു മണിക്കൂറെടുത്താണ് നവീൻ-ജാനകി ടീമിന്റെ നൃത്തം തൃശൂർ മെഡിക്കൽ കോളജിലെ വിവിധ ലൊക്കേഷനുകളിൽ നിന്ന് ക്യാമറയിൽ പകർത്തിയത്.
നൃത്തച്ചുവടുകളെ കുറിച്ചും മൂവ്മെന്റ്സിനെക്കുറിച്ചും ജാനകിയോടും നവീനിനോടും സംസാരിച്ച് ചർച്ച ചെയ്ത് കൃത്യമായ ധാരണ ഉണ്ടാക്കിയിരുന്നുവെന്നും മുഷ്താഖ് അലി പറഞ്ഞു. ആദ്യം മൊബൈൽ ഫോണ് ട്രൈപ്പോഡിൽ (ക്യാമറ സ്റ്റാൻഡിൽ) വെച്ചാണ് ഷൂട്ട് ചെയ്തത്.
പിന്നെ സ്റ്റാൻഡ് മാറ്റി കയ്യിലെടുത്തായിരുന്നു ചിത്രീകരണം. പരിചയമില്ലാത്ത പണിയായിട്ടും സംഗതി വിജയിച്ചുവെന്ന് മുഷ്താഖ് അലി സന്തോഷത്തോടെ പറയുന്നു.മലപ്പുറത്തെ വീട്ടിൽനിന്ന് അടുത്തയാഴ്ച കോളജിലേക്ക് മടങ്ങിയെത്തും.
നാട്ടിലൊക്കെ ചിലർക്കറിയാം തങ്ങളുടെ നാട്ടുകാരനാണ് ആ അടിപൊളി ഡാൻസ് കാമറയിൽ പകർത്തിയതെന്ന്. മെഡിക്കൽ പഠനം പൂർത്തിയാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മുഷ്താഖ് പറഞ്ഞു.