കാഞ്ഞങ്ങാട്: വീട്ടമ്മയുടെ കഴുത്തുഞെരിച്ചു ബോധരഹിതയാക്കി കവർച്ച നടന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. ഇന്നലെ വെളുപ്പിന് അഞ്ചരയോടെ പുല്ലൂർ വേലാശ്വരത്തെ റിട്ട. നഴ്സിംഗ് അസിസ്റ്റൻറ് സി.വേലായുധന്റെ ഭാര്യ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് കെ.ജാനകിയാണ് അക്രമത്തിനിരയായത്. വീട്ടിൽ നിന്നും എട്ടു പവൻ സ്വർണമാണ് നഷ്ടമായത്. ആശുപത്രിയിൽ ചികിത്സയിലുള്ള ജാനകിയുടെ മൊഴി ഇങ്ങനെ:
പുലർച്ചെ പുറത്തുള്ള പന്പ് ഹൗസിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ പോകുന്പോൾ പിന്നിൽ നിന്നും കഴുത്തിൽ കയറിട്ടു മുറുക്കുകയായിരുന്നു. വായ തുറക്കാൻ അവസരം കിട്ടുന്നതിനു മുൻപ് തന്നെ വീട്ടമ്മ ബോധരഹിതയായി. അരമണിക്കൂറോളം കഴിഞ്ഞീട്ടും ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഭർത്താവ് പുറത്തിറങ്ങി അന്വേഷിക്കുകയായിരുന്നു.
അപ്പാഴേയ്ക്കും ഭാര്യ ബോധമില്ലാതെ പന്പ് ഹൗസിനു സമീപം വീണു കിടക്കുകയായിരുന്നു. ഉടനെ ആളെക്കൂട്ടി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. ജാനകി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി ടാങ്ക് നിറച്ച ശേഷമാണ് ഉറങ്ങിയത്. എന്നാൽ രാവിലെയായപ്പോൾ വെള്ളം തീർന്നിരുന്നു. ചോർന്നുപോയതാകാമെന്നു കരുതി മോട്ടോറിടാൻ പോയതായിരുന്നു. ഇതു കവർച്ചക്കാർ ആസൂത്രണം ചെയ്തതാണോയെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹൊസ്ദുർഗ് ഡിവൈഎസ്പി കെ.ദാമോദരൻ, സിഐ സി.കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചീമേനി പുലിയന്നൂരിൽ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞടുക്കം മാറുന്നതിനു മുന്പാണ് മറ്റൊരു സംഭവവും. അതേസമയം കേസുമായി ബന്ധപ്പെട്ടു പ്രതികളെക്കുറിച്ചു പോലീസിന് ഇതുവരെ ഒരു തുന്പും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചു ആക്ഷേപമുയരുന്നതിനിടെയാണ് വീണ്ടും സമാനമായ സംഭവമുണ്ടാകുന്നതെന്നത് ഗൗരവം വർധിപ്പിക്കുന്നു.