ഒറ്റപ്പാലം: കാഴ്ചവട്ടങ്ങളുടെ നിധിയറ ഒരുക്കി ചിനക്കത്തൂരിൽ പൊൻപൂരം നാളെ. ഏഴുദേശങ്ങൾ ഉൾപ്പെടുന്ന തട്ടകം ആവേശത്തിമിർപ്പിലാണ്. ഇന്നൊരു രാവുകൂടി ഇരുട്ടിവെളുത്താൽ മാഘമാസത്തിലെ മകം നക്ഷത്രം. ചിനക്കത്തൂർ ഭഗവതിയുടെ പിറന്നാൾ.പറയെടുപ്പു നടത്തി ഏഴുദേശങ്ങളിലും സന്ദർശനം നടത്തി തിരിച്ചെത്തിയ ഭഗവതിക്കുമുന്പിൽ പൂരംനാളിൽ ദാരികനിഗ്രഹത്തിന്റെ ചിലന്പൊലികൾ ഉതിർത്ത് പൂതൻ-തിറ രൂപങ്ങൾ വരവറിയിച്ചു ദേശങ്ങളിൽ ഈടുവെടി മുഴങ്ങും. തുടർന്നു താഴത്തെ കാവിൽ നടയടയ്ക്കും. തുടർന്ന് കൂറ ഇറക്കും. കുടകളിയും കാവുതീണ്ടലും നടക്കും.
ഉച്ചയോടുകൂടി നാട്ടുവഴികളും ദേശവഴികളും ചിനക്കത്തൂരിൽ സംഗമിക്കും. 2.30ന് കുതിരകളിക്ക് തുടക്കമാകും. ഇതോടൊപ്പം പഞ്ചവാദ്യം തുടങ്ങി ദേശങ്ങളിൽനിന്നും ആനപ്പൂരം കാവിലേക്കു നീങ്ങും. ആവേശകരമായ കുതിരകളിക്കുശേഷം തേരും തട്ടിന്മേൽകൂത്തും ഭഗവതിയെ വണങ്ങാനെത്തും. തുടർന്നു പടിഞ്ഞാറൻ ചേരിയിലെ അഞ്ചു ദേശങ്ങളുടെ ആനപ്പൂരം കാവുമൈതാനത്ത് എത്തും.
കിഴക്കൻചേരിക്ക് പഴുവിൽ രഘുമാരാരും കിഴക്കൂട്ട് അനിയൻമാരാരും മേളപ്രമാണിമാരാകും. പടിഞ്ഞാറൻചേരിക്ക് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ മേളപ്രമാണം. കിഴക്ക്, പടിഞ്ഞാറ് ചേരികളിലായി കേരളത്തിലെ ലക്ഷണമൊത്ത ഗജവീരന്മാർ അണിനിരക്കും. പാണ്ടിമേളത്തിനുശേഷം കുടമാറ്റവും അരങ്ങേറും. ഒറ്റപ്പാലം ദേശത്തിന്റെ പൂരാഘോഷ പരിപാടികൾ മാത്തൂർമനയിൽനിന്നും ആരംഭിക്കും.
പൂരം പുറപ്പെടുന്നത് ഒറ്റപ്പാലം എൻഎസ്എസ് സ്കൂൾ മൈതാനിയിൽനിന്നാണ്. മീറ്റ്ന ദേശത്തിന്റെ പൂരം പുറപ്പാടും ചടങ്ങുകളും സുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പൂരം ചിനക്കത്തൂരിലേക്കു പുറപ്പെടും. പാലപ്പുറം ദേശത്തിന്റെ പൂരചടങ്ങുകൾ ആരംഭിക്കുന്നത് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നാണ്. 2.10ന് പൂരം പാലപ്പുറം പന്തലിലെത്തി കാവിലേക്കു നീങ്ങും.
എറക്കോട്ടിരി ദേശത്തിന്റെ പൂരാഘോഷ പരിപാടികൾ സുബ്രഹ്്മണ്യ ക്ഷേത്രത്തിൽനിന്നും ആരംഭിച്ച് ഉച്ചയ്ക്ക് രണ്ടിന് റെയിൽവേ സ്റ്റേഷന് സമീപത്തെ പന്തലിൽനിന്ന് പുറപ്പെടും. കിഴക്കൻചേരിയിലെ തെക്കുംമംഗലത്തിന്റെ പൂരചടങ്ങുകൾ കിള്ളിക്കുറിശി മഹാദേവ ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. തുടർന്ന് വടക്കുംമംഗലം പൂരവുമായി ലക്കിടി കൂട്ടുപാതയിൽ സമ്മേളിച്ച് കാവിലേക്കു നീങ്ങും. വടക്കുമംഗലം ദേശത്തിന്റെ പൂരം പുറപ്പാട് മന്ത്രേടത്തു മനയിൽനിന്നാണ് ആരംഭിക്കുക.