സ്വന്തം ലേഖകൻ
കണ്ണൂർ: ജനമഹായാത്രയോട് അനുബന്ധിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനഫണ്ടിൽ ഉടക്കി ഡിസിസിയും കെപിസിസിയും. പിരിക്കാൻ പറഞ്ഞ തുക ഡിസിസി പിരിച്ചില്ലെന്നാണ് കെപിസിസിയുടെ വിമർശനം. എന്നാൽ 10 മാസത്തിനിടെ മൂന്നു പിരിവ് നടത്തിയത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് ഡിസിസി ആരോപിക്കുന്നത്.
പിരിക്കാത്ത മൂന്ന് മണ്ഡലം കമ്മിറ്റികളെ ജാഥാ ക്യാപ്റ്റന്‍ കൂടിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എംപി പിരിച്ചു വിട്ടിരുന്നു.തുക പിരിച്ചു നല്‍കാത്ത കൂടുതൽ മണ്ഡലം കമ്മിറ്റികൾക്കെതിരേ നടപടിയെടുക്കാനുള്ള വിവരങ്ങൾ ഡിസിസി നേതൃത്വത്തോട് തേടിയിരിക്കുകയാണ് കെപിസിസി.
കണ്ണൂർ ജില്ലയിലെ ഒരു ബൂത്തിൽ നിന്നും 12,000 രൂപയാണ് പിരിച്ചു നല്‍കേണ്ടിയിരുന്നത്.1857 ബൂത്തുകളാണ് ജില്ലയിൽ ഉള്ളത്. അപ്പോൾ 2,22,84000 രൂപയായിരുന്നു കെപിസിസിക്ക് നല്‍കേണ്ടിയിരുന്നത്. എന്നാൽ പിരിച്ച തുക ലക്ഷങ്ങൾ കടന്നില്ലെന്നാണ് വിമർശനം.
കഴിഞ്ഞ 10 മാസത്തിനിടെ രണ്ടു പിരിവുകൾ ആണ് നടന്നത്. ഇതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കൂടാതെ ഡിസിസിയുടെ കെട്ടിട നിർമാണത്തിനും പ്രവർത്തകരിൽ നിന്നും പിരിക്കുന്നുണ്ട്. കെട്ടിട നിർമാണത്തിന് പിരിക്കുന്നതു കൊണ്ട് ജനമഹായാത്രയുടെ പിരിവിൽ നിന്നും കണ്ണൂർ ജില്ലയെ ഒഴിവാക്കണമെന്ന് ഡിസിസി നേതൃത്വം കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസിസിയുടെ ആവശ്യം കെപിസിസി പരിഗണിച്ചില്ല.
12000 ത്തിൽ 5000 രൂപ കണ്ണൂർ ഡിസിസിക്ക് നല്‍കാമെന്ന് കെപിസിസി നേതൃത്വം ഡിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം-കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളെയാണ് നിലവിൽ പിരിച്ചു വിട്ടിരിക്കുന്നത്. കൂടുതൽ മണ്ഡലം കമ്മിറ്റികൾക്കെതിരേ വരും ദിവസങ്ങളിൽ നടപടികൾക്ക് സാധ്യതയുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്കിയ മണ്ഡലം കമ്മിറ്റികളോട് പത്തുദിവസത്തിനുള്ളില്‍ ബാക്കിതുക നല്‍കിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എംപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കെപിസിസിയുടെ യാത്രയ്ക്ക് പണം പിരിച്ചുനൽകാത്ത മണ്ഡലം കമ്മിറ്റികളെയാണ് പിരിച്ചുവിട്ടതെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ കണ്ണൂരിൽ പറഞ്ഞിരുന്നു. ഒരു 12,000 രൂപ പിരിച്ചുതരാൻ സാധിക്കാത്ത മണ്ഡലം കമ്മിറ്റികൾ എന്തു കമ്മിറ്റിയാണ്. ജാഥയുമായി ബന്ധപ്പെട്ട് പാർട്ടിപ്രവർത്തകരിൽനിന്നും മറ്റുള്ളവരിൽനിന്നും പണത്തിനായി കൈനീട്ടാൻ സാധിക്കില്ല.
അതുകൊണ്ടാണ് പണം നൽകാൻ ആവശ്യപ്പെട്ടത്.തെരഞ്ഞടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കമ്മിറ്റികൾ പിരിച്ചുവിട്ടത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കാനൊന്നും പോകുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.