തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്നു ജില്ലയിൽ പ്രവേശിക്കാനിരിക്കെ ജാഥയുടെ വരവറിയിച്ച് തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ കോർപറേഷൻ എടുത്തുമാറ്റി. ഫ്ളക്സ് ബോർഡുകൾ നിയന്ത്രിച്ച ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കോർപറേഷൻ വിശദീകരണം. എന്നാൽ, രാഷ്ട്രീയലക്ഷ്യം വച്ചുള്ളതും പക്ഷപാതപരവുമാണ് നടപടിയെന്നു കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു.
നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ളക്സ് ബോർഡുകളും കോർപറേഷൻ നീക്കിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി പങ്കെടുത്ത യുവമോർച്ച സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഫ്ളക്സ് ബോർഡുകൾ നഗരത്തിലെന്പാടും സ്ഥാപിച്ചിരുന്നു. അത് എടുത്തുമാറ്റിയിരുന്നില്ലെന്നു കോണ്ഗ്രസ് കുറ്റപ്പെടുത്തി.
കോർപറേഷനിൽ ഭരണം നിലനിർത്താനായി ബിജെപിയോടു കാണിക്കുന്ന മൃദുസമീപനത്തിന്റെ ഭാഗമായാണിതെന്നും ഡിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ ഉപനേതാവുമായ ജോണ് ഡാനിയൽ പറഞ്ഞു.എംജി റോഡ്, പ്രസ് ക്ലബ്, ബിനി ടൂറിസ്റ്റ് ഹോം, ജില്ലാ ആശുപത്രി, കോർപറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും കമാനങ്ങളും നീക്കം ചെയ്യുന്നുണ്ടെന്നു കോർപറേഷൻ വ്യക്തമാക്കി.
കോണ്ഗ്രസിന്റെ ജനമഹായാത്ര ഇന്നു മുതൽ തൃശൂരിൽ
തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്നു മുതൽ വെള്ളിയാഴ്ചവരെ തൃശൂർ ജില്ലയിൽ പര്യടനം നടത്തും.ഇന്നു വൈകുന്നേരം അഞ്ചിന് ജില്ലാ അതിർത്തിയിലെ സ്വീകരണം പഴയന്നൂർ അന്പലനടയിൽ നടക്കും. വൈകീട്ട് 5.30ന് ചേലക്കര സെന്ററിലും 6.30 ന് വടക്കാഞ്ചേരി ഓട്ടുപാറയിലും പൊതുസ്വീകരണം.
നാളെ രാവിലെ പത്തിന് കുന്നംകുളം, 11 ന് വടക്കക്കാട് സെന്റർ, വൈകീട്ട് മൂന്നിന് പാവറട്ടി – പൂവ്വത്തൂർ ബസ് സ്റ്റാൻഡ് പരിസരം, നാലിന് തൃപ്രയാർ സെന്റർ, 5.30 ന് തൃശൂർ-ഒല്ലൂർ നിയോജകമണ്ഡലങ്ങളുടെ സ്വീകരണം തെക്കേ ഗോപുരനടയിൽ സമാപിക്കും.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആന്പല്ലൂർ ജംഗ്ഷൻ, 11 ന് ഇരിങ്ങാലക്കുട, മൂന്നിന് എറിയാട്, നാലിനു മാള. 5.30 ന് ജില്ലയിലെ ജനമഹായാത്രയുടെ പര്യടന സമാപനം ചാലക്കുടിയിലും നടക്കുമെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അറിയിച്ചു.
പാർട്ടി പ്രവർത്തന ഫണ്ടിലേക്കു ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തകർ സ്വരൂപിച്ച സംഭാവനകൾ സ്വീകരണ സമ്മേളനങ്ങളിൽ മണ്ഡലം പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിനു കൈമാറും. ഒരു ബൂത്തിൽനിന്നും 12,000 രൂപയാണ് സ്വരൂപിക്കുന്നത്.
പാർട്ടിയുടെ നേതാക്കളും പ്രവർത്തകരോടൊപ്പം പോഷക സംഘടനകളുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരും സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും.