തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. നാളെ വൈകുന്നേരം ഗാന്ധിപാർക്കിൽ സമാപിക്കും.
കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ജനമഹായാത്രയ്ക്ക് സ്വീകരണം നൽകിയ ശേഷം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കോണ്ഗ്രസ് നേതാക്കളായ ശൂരനാട് രാജശേഖരൻ, പ്രതാപ വർമ്മ തന്പാൻ എന്നിവർ തിരുവനന്തപുരം ജില്ലയിലെ അതിർത്തി വരെ അനുഗമിച്ചു തിരുവനന്തപുരം ഡിസിസിയ്ക്ക് നിയന്ത്രണം കൈമാറി.
ഇന്ന് രാവിലെ പത്ത് മണിയ്ക്ക് പാരിപ്പള്ളി മുന്നുമുക്ക് ജംഗ്ഷനിൽ വരവേൽപ്പ് നൽകി. തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനമഹായാത്രയെ സ്വീകരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോണ്ഗ്രസ് നേതാക്കളായ വിഎസ്.ശിവകുമാർ എംഎൽഎ, കെ.എസ്.ശബരീനാഥൻ, കരകുളം കൃഷ്ണപിള്ള, ടി.ശരത്ചന്ദ്രപ്രസാദ്, എസ്.കൃഷ്ണകുമാർ, വർക്കല കഹാർ എന്നിവർ ചേർന്ന് സ്വീകരിച്ച് തിരുവനന്തപുരം ജില്ലയിലേക്ക് ആനയിക്കുകയായിരുന്നു.
വർക്കല മൈതാനം, ചിറയിൻകീഴ് ശാർക്കര മൈതാനി, ആറ്റിങ്ങൽ മാമം ഗ്രൗണ്ട്, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട എന്നിവിടങ്ങളിൽ ജനമഹായാത്ര പര്യടനം നടത്തും. നാളെ രാവിലെ പത്ത് മണിയ്ക്ക് കാഞ്ഞിരംകുളത്ത് നിന്നും ആരംഭിക്കുന്ന ജനമഹായാത്ര നെയ്യാറ്റിൻകര,മണ്ഡപത്തിൻകടവ്, എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി തന്പാനൂരിലെത്തുന്ന ജനമഹായാത്രയെ സ്വീകരിച്ച് ഗാന്ധിപാർക്കിലേക്ക് ആനയിക്കും.
നാളെ വൈകുന്നേരം ആറ് മണിക്കാണ് ജനമഹായാത്രയുടെ സമാപന സമ്മേളനം. സമ്മേളനത്തിൽ കോണ്ഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.